പയ്യോളിയിൽ തെരുവ് നായകളുടെ വാക്സിനേഷൻ ക്യാമ്പ് ഒക്ടോബർ 18, 19, 20 തിയ്യതികളിൽ

news image
Oct 12, 2022, 1:06 pm GMT+0000 payyolionline.in

പയ്യോളി:  തെരുവ് നായ നിയന്ത്രണ പരിപാടികളുടെ ഭാഗമായി തെരുവ് നായകളുടെ വാക്സിനേഷൻ ക്യാമ്പ് ഒക്ടോബർ 18,19, 20 തിയ്യതികളിൽ നടത്താൻ തെരുവ് നായ നിയന്ത്രണ നഗരസഭ തല സമിതി തീരുമാനിച്ചു. പയ്യോളി ബസ് സ്റ്റാൻറ്, റെയിൽവെ സ്റ്റേഷൻ, അയനിക്കാട് പോസ്റ്റ് ഓഫീസ്, ശാന്തി പെയിൻ ആൻറ് പാലിയേറ്റീവ് പരിസരം, ഐ പി സി റോഡ്, ഗുരു പീഠം, അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ട വാക്സിനേഷൻ ക്യാമ്പ് നടത്തുന്നത്.

അരുമ ഡോഗ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരാണ് നായകളെ വാക്സിനേഷന് വേണ്ടി പിടികൂടുന്നതിന് സഹായിക്കുന്നത്. ഇരിങ്ങൽ വെറ്റിനറി ആശുപത്രിയുടെ നേത്യത്ത്വത്തിൽ വാക്സിൻ നല്കും. ഇന്ന് നടന്ന തെരുവ് നായ നിയന്ത്രണ നഗരസഭാ തല യോഗത്തിൽ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, അനിമൽ വെൽ ഫെയർ അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ തെരുവ് നായ ശല്യം രൂക്ഷമായ സ്ഥലങ്ങൾ കണ്ടെത്തി വാക്സിനേഷൻ നല്കുകയും വളർത്തുനായകൾക്ക് കുത്തിവെപ്പും, ലൈസൻസും എടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഒക്ടോബർ 30നുള്ളിൽ പ്രവർത്തനം പൂർത്തിയാക്കും.


നഗരസഭയിലെ ഇറച്ചി വ്യാപാരികളുടെ യോഗവും ഇതോടനുബന്ധിച്ച് വിളിച്ച് ചേർത്തു. തെരുവ് നായകൾക്ക് ഇറച്ചി അവശിഷ്ടങ്ങൾ ലഭിക്കുന്നില്ല എന്ന് വ്യാപാരികൾ ഉറപ്പു വരുത്തണം.
വളർത്തുനായകളുടെ വിവരവും തെരുവ് നായകളുടെ എണ്ണവും ശേഖരിക്കുന്നതിനുള്ള സർവ്വെ നടപടികൾ ഒക്ടോബർ 30 നുള്ളിൽ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ചന്ദ്രൻ, ടി.പി പ്രജീഷ് കുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുജേഷ്.എൻ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രകാശൻ, കുടുംബശ്രീ ചെയർപേഴ്സൺ രമ്യപി.പി, ധനഞ്ജയൻ.കെ, പവിത്രൻ.എൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe