പയ്യോളിയിൽ ലഹരി വിരുദ്ധ മാരത്തണും ബോധവൽക്കരണ ക്ലാസ്സും

news image
Oct 9, 2022, 9:46 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ്സിൻ്റെയും ബാലസഭയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാരത്തണും ബോധവൽക്കരണ ക്ലാസ്സും നടത്തി. വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും അതിൻ്റെ ഭാഗമായുള്ള സാമൂഹിക പ്രശ്നങ്ങളും ,വിദ്യാർത്ഥികളും, കൗമാരക്കാരും, യുവാക്കളും ലഹരിക്ക് അടിമകളാവുന്നതും നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന ഒരു മാസത്തെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സമിതി തച്ചൻ കുന്നിൽ നടത്തിയ മനുഷ്യച്ചങ്ങല യോടൊപ്പം ചേർന്ന് തച്ചൻ കുന്നിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധമാരത്തൺ പയ്യോളി ബസ് സ്റ്റാൻ്റിൽ അവസാനിപ്പിച്ചു.

നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ഒരോ ഡിവിഷനിൽ നിന്നും ബാലസഭയുടെ ഓരോ കുട്ടികൾ വീതവും കുടുംബശ്രീ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. മാരത്തൺ അവസാനിച്ച പയ്യോളി ബസ്റ്റ് സ്റ്റാൻ്റിൽ ലഹരി ബോധവൽക്കരണ ക്ലാസ്സും, ലഹരിക്കെതിരെയുള്ള ആശയ പ്രചരണം എഴുതി പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

പരിപാടി ഉദ്ലാടനം ചെയ്ത നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ലഹരിക്കെതിരെ അണിചേരാൻ ആഹ്വാനം ചെയ്തു. ചടങ്ങിൽ കുടുംബശ്രീ ചെയർപേഴ്സൺ രമ്യ പി.പി അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ജയരാജ് ക്ലാസ്സെടുത്തു. കുടുംബശ്രീ ജില്ലാ ഫാക്കൽട്ടി ഷിംജിത്, സാമൂഹ്യ ഉപസമിതി കൺവീനർ
രമീന .കെ.കെ, സിഡിഎസ് മെമ്പർ ശ്രീദേവി എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ മാരത്തണിന് കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി.പി. പ്രജീഷ് കുമാർ, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ അഖിൽ, യൂത്ത് കോ-ഓർഡിനേറ്റർ സുദേവ് എസ് ഡി, നാസിഫ്, സി ഡി എസ് മെമ്പർമാർ ,പയ്യോളി പോലീസ് എന്നിവർ നേത്യത്വം നല്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe