വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി യുവതിക്ക് നൽകണം: പി സതീദേവി

news image
Oct 9, 2022, 9:25 am GMT+0000 payyolionline.in

കോഴിക്കോട്: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങൾ തിരക്കി. വിഷയത്തിൽ ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് ലഭ്യമാക്കാൻ ആവശ്യപ്പെടും. വിഷയം ആരോഗ്യ വകുപ്പ് ഗൗരവമായി ഏറ്റെടുത്തിട്ടുണ്ടെന്നാണ് മനസിലാവുന്നതെന്നും അവർ പറഞ്ഞു.

കർശനമായ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പി സതീദേവി പറഞ്ഞു. വിഷയത്തിൽ ബന്ധപ്പെട്ട ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി വീട്ടമ്മയ്ക്ക് നൽകണം. അഞ്ച് വർഷo നിരവധി പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ലെന്നത് ഗൗരവതരമാണ്. പരിശോധനാ സംവിധാനത്തിൻ്റെ അപര്യാപ്തതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതടക്കം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം യുവതിയുടെ വയറ്റിൽ  കണ്ടെത്തിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ വിശദീകരിച്ചു. മോസ്‌ക്വിറ്റോ ആർട്ടറി ഫോർസെപ്സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളിൽ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാൽ മെഡിക്കൽ കോളേജിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീർത്ത് പറയാനാവില്ല. യുവതിയുടെ ശത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നഴ്സുമാർ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയതാണ്. ഇതിൽ കുറവ് കണ്ടെത്തിയിരുന്നില്ല. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി 30 കാരിയായ ഹർഷിനയാണ് ഡോക്ടർമാരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന് ശേഷം ഹര്ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. അഞ്ച് വർഷമാണ് യുവതി മൂത്ര സഞ്ചിയിൽ തറച്ച് നിന്ന മെഡിക്കൽ ഉപകരണവുമായി വേദന തിന്നത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്.

കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe