കൊടിതോരണങ്ങളും, ബോർഡുകളും, ബാനറുകളും നീക്കം ചെയ്യൽ പയ്യോളി നഗരസഭ നടപടികൾക്ക് സർവ്വകക്ഷി യോഗ പിന്തുണ

news image
Feb 3, 2023, 9:52 am GMT+0000 payyolionline.in

പയ്യോളി: കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരസഭ നടപടികൾക്ക് സർവ്വകക്ഷി യോഗം പിന്തുണ നല്കി. ഹൈക്കോടതി വിധിയുടെ ഭാഗമായി രൂപീകരിച്ച നഗരസഭ തല സമിതിയാണ് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തത്.

ഫിബ്രവരി 5നകം പൊതു സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച കൊടിതോരണങ്ങളും ,ബോർഡുകളും, ബാനറുകളും നീക്കം ചെയ്യാൻ യോഗത്തിൽ ധാരണയായി. പൊതു സ്ഥലങ്ങളിൽ നിലവിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചത് കൂടാതെ നിരവധി പരസ്യ ബോർഡുകളും, ബാനറുകളും, തോരണങ്ങളും സ്ഥാപിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾ സ്ഥാപിച്ചവർ തന്നെ ഫിബ്രവരി 5 നകം നീക്കം ചെയ്യേണ്ടതാണ്. തുടർന്നും മാറ്റാത്ത പരസ്യ ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും നഗരസഭ നീക്കം ചെയ്യുന്നതും ചിലവ് സ്ഥാപിച്ചവരിൽ നിന്നും ഈടാക്കുന്നതുമാണ്.

ഇനി മുതൽ പൊതു സ്ഥലങ്ങളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ പാടുള്ളതല്ല. സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് നഗരസഭയുടെ അനുമതി വാങ്ങിയിരിക്കണം. അനുമതിയില്ലാതെ പരസ്യ ബോർഡുകളും, ബാനറുകളും സ്ഥാപിച്ചാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഹൈക്കോടതി വിധിയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള പയ്യോളി നഗരസഭതല സമിതിയിൽ നഗരസഭ ചെയർമാൻ ,സെക്രട്ടറി, പി ഡബ്യൂ  ഡി എഞ്ചിനിയർ, എന്‍ എച്ച്  ഡിവിഷൻ എഞ്ചിനിയർ, എന്‍ എച്ച് എ ഐ  ഉദ്യോഗസ്ഥൻ, സിഐ ഓഫ് പോലീസ് എന്നിവരാണ് അംഗങ്ങൾ. പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യുന്നതിന് ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഉണ്ട്.

യോഗത്തിൻ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ ,പി.എം അഷ്റഫ്, മൂസ്സ മടിയാരി, എൻ.സി.മുസ്തഫ, ഫൽഗുനൻ, പി.ടി രാഘവൻ, പി.വി ബാബു നഗരസഭ സെക്രട്ടറി സുരേഷ് കുമാർ.എം, ഹെൽത്ത് ഇൻസ്പെക്ടർ ടി.ചന്ദ്രൻ, അഗ്ന എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe