കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം, തീപടരാനിടയാക്കിയത് കാറിനുള്ളിൽ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോൾ

news image
Feb 3, 2023, 7:55 am GMT+0000 payyolionline.in

കണ്ണൂർ : കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച കാർ അപകടത്തിന്റെ കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് അന്വേഷണ സംഘം. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തൽ. ജെസിബി ഡ്രൈവർ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. കാറിന്റെ പെട്രോൾ ടാങ്ക്  പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തനരഹിതമായി.

 

 

ഇന്നലെയാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീ പിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച ദാരുണ സംഭവമുണ്ടായത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാലു പേർ രക്ഷപ്പെട്ടു

 

പ്രസവ തീയതി അടുത്തതിനാൽ അഡ്മിറ്റാവാനായി വസ്ത്രങ്ങളുൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവർ കാറിൽ നിന്നും തീ പടരുന്നത് കണ്ട് കണ്ട് പാഞ്ഞെത്തി. എന്നാൽ കാറിന്റെ ഡോർ ലോക്കായി  കൈകൾ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോർ ശ്രമപ്പെട്ട് തുറന്ന് നൽകിയത്. ഇരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീർന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe