കള്ളവോട്ടിനെതിരെ ക‍ര്‍ശന നടപടി, പാലക്കാട് എല്ലാ ബൂത്തിലും വെബ്‌കാസ്റ്റിംഗ്; നിരീക്ഷിക്കാന്‍ 30 അംഗ സംഘം

news image
Apr 26, 2024, 4:53 am GMT+0000 payyolionline.in

പാലക്കാട്: ജില്ലയില്‍ കള്ളവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മുഴുവന്‍ സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി  ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര അറിയിച്ചു. പോളിംഗ് ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കലക്ടറേറ്റിലും ചീഫ് ഇലക്ടറല്‍ ഓഫീസിലും ലഭിക്കും. സിവിൽ സ്റ്റേഷനിൽ ഡി.ആർ.ഡി.എ ഹാളിൽ ഈ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി 30 അംഗ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി.

ഇരട്ട വോട്ട്

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം യുവ വോട്ടർമാർ വീണ്ടും അപേക്ഷിച്ചതും ഷിഫ്റ്റഡ് വോട്ടേഴ്സിന്‍റെ അപ്ലിക്കേഷൻ മറ്റു മണ്ഡലങ്ങളിൽ സ്വീകരിക്കാത്തത് മൂലവുമാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അവ പ്രത്യേകം ലിസ്റ്റ് ആക്കി പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്. പ്രത്യേകം നടപടിക്രമം പാലിച്ചുകൊണ്ട് ഇരട്ട വോട്ട് ഇല്ലെന്ന് ഉറപ്പുവരുത്തി പ്രിസൈഡിങ് ഓഫീസർമാർ എ.എസ്.ഡി വോട്ടർമാരെ വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.

കളളവോട്ട്

കള്ളവോട്ട് ശ്രദ്ധയില്‍പെട്ടാൽ ആ വ്യക്തിക്കെതിരെ ആറ് മാസം തടവും ആറ് വർഷത്തേക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് ഉൾപ്പെടെ ജനപ്രാധിനിത്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കള്ളവോട്ട് ചെയ്യുന്നതിന് ഉദ്യോഗസ്ഥർ സഹായിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe