ഇന്ത്യയടക്കം ഏഴുരാജ്യക്കാർക്ക് ഫ്രീ വിസയുമായി ശ്രീലങ്ക; അമേരിക്ക പട്ടികക്ക് പുറത്ത്

news image
Oct 24, 2023, 7:37 am GMT+0000 payyolionline.in

ശ്രീലങ്ക: ഇന്ത്യക്കാർ അടക്കം ഏഴുരാജ്യങ്ങളിലെ പൗരൻമാർക്ക് ഫ്രീ വിസ നൽകാനുള്ള തീരുമാനത്തിന് ശ്രീലങ്ക മന്ത്രിസഭയുടെ അംഗീകാരം. അതേ സമയം അമേരിക്കയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‍ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ചു മാസത്തേക്കാണ് സൗജന്യ വിസ അനുവദിക്കുക.

നേരത്തെ, അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, ഇത് ഏഴായി വർധിപ്പിക്കുകയായിരുന്നു. സൗജന്യ വിസ ഉടനടി പ്രാബല്യത്തിൽ വരുമെന്നും മാർച്ച് 31 വരെ ഇത് തുടരുമെന്നും വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു.

രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് വിസ ലഭിക്കുന്നതിനുള്ള സമയവും പണവും ഈ പദ്ധതി വഴി ലാഭിക്കാം. “വരും വർഷങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് അഞ്ച് ദശലക്ഷം വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” -ശ്രീലങ്കൻ മന്ത്രാലയം പറഞ്ഞു. ഭാവിയിൽ രാജ്യത്തെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇ-ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്താനും മന്ത്രിസഭ നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe