റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും

news image
May 8, 2024, 10:06 am GMT+0000 payyolionline.in

തൃശൂര്‍: ചിലങ്ക- അരീക്കാ റോഡ്‌ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോൺട്രാക്ടർക്കും എഞ്ചിനീർമാർക്കും‌ 3 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.  തൃശൂർ ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക- അരീക്കാ റോഡ്‌ പുനർനിർമ്മാണത്തിലെ അഴിമതിയിൽ പണി നടത്തിയ കോൺട്രാക്ടർ, അസിസ്റ്റന്‍റ് എഞ്ചിനീയർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ്‌ കോടതി കണ്ടെത്തിയത്.

ഒന്നാം പ്രതി കോൺട്രാക്ടർ ടിഡി ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്‍റ് എഞ്ചിനീയർ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും.  2006ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്‌ അറ്റകുറ്റപണിക്കുള്ള തുക അനുവദിച്ചിരുന്നത്.  പ്രതികൾ ഗൂഡാലോചന നടത്തി, നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെ ക്രമക്കേട് നടത്തി, രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നിങ്ങനെയാണ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe