കുറ്റ്യാടിയിലെ പൊലീസുകാരന്‍റെ മരണം; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം

news image
Oct 24, 2023, 6:51 am GMT+0000 payyolionline.in

കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം. ജോലി സമ്മർദമാണ് മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷാണ് മരിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്നലെ വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സുധീഷിന്‍റെ മൊബൈൽ ഫോൺ കാണാനില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്.

രാത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. പിന്നീട്, മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

ജോലിയുമായി ബന്ധപ്പെട്ട് ആഴ്ചകളായി സുധീഷ് മാനസികമായി സമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ഡ്യൂട്ടിയിലിരിക്കെയാണ് സുധീഷ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയത്. രാവിലെ 11ഓടെ ഇറങ്ങിപ്പോയ ആളെ 500 മീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തിയത് വൈകീട്ടോടെയാണ്. അത്രയും നേരം പൊലീസ് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. മരണത്തിന് കാരണമായ കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe