ലഹരിക്കെതിരെ നവംബർ 14 ന് മയ്യഴിയിൽ പ്രതിരോധ ശൃംഗല

news image
Nov 7, 2022, 1:43 pm GMT+0000 payyolionline.in

മാഹി : ലഹരി ഉപഭോഗത്തിനും വിപണനത്തിനുമെതിരെ നാടിൻ്റെ മന:സ്സാക്ഷി ഉണർത്താൻ ശിശുദിനമായ നവംബർ 14 ന് കാലത്ത് 10.30 ന് മയ്യഴിയിൽ പ്രതിരോധ ശൃംഗല തീർക്കുന്നു. മയ്യഴിയുടെ തെക്കൻ അതിർത്തിയായ പൂഴിത്തല തൊട്ട്  വടക്കൻ അതിർത്തിയായ മാക്കുനി വരെ പ്രതിരോധ ശൃംഗലയൊരുക്കും. മയ്യഴി മേഖലയിലെ മുഴുവൻ രാഷ്ട്രീയ- സാംസ്‌കാരിക – സേവന സംഘടനകൾ, മുഴുവൻ സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, യു.പി.തലം തൊട്ടുള്ള വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ശൃംഗലയിൽ കണ്ണികളാവും.

രമേശ് പറമ്പത്ത് എംഎൽഎ ലഹരി വിരുദ്ധ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു

സ്റ്റാച്യു സ്ക്വയറിൽ ഉദ്ഘാടന ചടങ്ങ് നടക്കും. പങ്കെടുത്ത മുഴുവൻ പേരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണയുടെ അദ്ധ്യക്ഷതയിൽ നടന്ന വിപുലമായ ലഹരി വിരുദ്ധ കൺവൻഷൻ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.


ലഹരി കേസുകളിൽ ഉൾപ്പെടുന്ന ആരേയും സംരക്ഷിക്കില്ലെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവിയും ഉറപ്പ് നൽകി. മേഖലാ – വാർഡ് തല കമ്മിറ്റികൾ സജീവമാക്കാനും, അധികാരികളുമായി ചേർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും തീരുമാനിച്ചു. പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി, ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർ ഡോ: കെ.വി.പവിത്രൻ, ചാലക്കര പുരുഷു, വി.ജനാർദ്ദനൻ, പി.വി.ചന്ദ്രദാസ്, എം.പി.ശിവദാസ്, തിലകൻ മാസ്റ്റർ, കെ.വി.സന്ദീപ്, കെ.മോഹനൻ സംസാരിച്ചു. പ്രവീൺ പാനിശ്ശേരി സ്വാഗതം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe