ചുട്ട് പൊള്ളി ബെംഗലുരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

news image
May 2, 2024, 6:31 am GMT+0000 payyolionline.in

ബെംഗലുരു: തൊഴിലാളി ദിനത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി ബെംഗലുരു നഗരം. നാൽപത് വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് ബുധനാഴ്ച ബെംഗലുരുവിൽ കടന്ന് പോയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 38.1 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയത്. ബെംഗലുരു അന്തർദേശീയ വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയും ബുധനാഴ്ച രേഖപ്പെടുത്തി. 39.2 ഡിഗ്രി സെൽഷ്യസ്.

ഉടനെ കൊടും ചൂടിന് ബെംഗലുരുവിൽ അന്ത്യമാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മെയ് മാസം ആദ്യം തന്നെ കനത്ത ചൂട് രേഖപ്പെടുത്തിയത് വരും ദിവസങ്ങളിലെ കനത്ത ചൂടിനുള്ള മുന്നറിയിപ്പാകാനുള്ള സാധ്യതയായാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. മെയ് മാസത്തിൽ ബെംഗലുരുവിലെ ശരാശരി താപനില 33- 35 വരെ ആവുമെന്നാണ് ഐഎംഡി വിശദമാക്കുന്നത്. 2016 ഏപ്രിൽ മാസമായിരുന്നു ഇതിന് മുൻപ് ചൂട് കൂടിയ ദിവസങ്ങളായി കണക്കാക്കിയിരുന്നത്.

എന്നാൽ 2024 ഏപ്രിലിലെ കണക്കുകൾ ഇത് തെറ്റിച്ചു. ഏറ്റവുമധികം ചൂട് കൂടിയ 20 ദിവസങ്ങൾ 2024 ഏപ്രിലിലാണ് ബെംഗലുരുവിൽ രേഖപ്പെടുത്തിയത്. ഇതിന് പുറമേയാണ് ഒരു മഴപോലും പെയ്യാത്ത സാഹചര്യം നഗരം നേരിടുന്നത്. കാറ്റിന്റെ പാറ്റേണുകളിലുണ്ടാകുന്ന വ്യതിയാനമാണ് മേഘങ്ങൾ രൂപീകൃതമാവുന്നതിന് തടസമാകുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ചയോടെയോ ബെംഗലുരുവിനെ മഴ കടാക്ഷിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe