പത്രസമ്മേളനത്തിലെ പരാമർശം; പയ്യോളി ഹൈസ്കൂൾ പിടിഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വിദ്യാർഥിയുടെ കുടുംബം പരാതിക്കിടയാക്കിയത് ‘പയ്യോളിഓൺലൈൻ’ പുറത്ത് വിട്ട പത്രസമ്മേളന വീഡിയോ- വീണ്ടും കാണാം

news image
Dec 24, 2022, 11:43 am GMT+0000 payyolionline.in

പയ്യോളി: സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയതുമായി ബന്ധപ്പെട്ട് പയ്യോളി ഹൈസ്കൂൾ പിടിഎ കമ്മിറ്റി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലെ ചില പരാമർശങ്ങൾ വിവാദമായി. വിദ്യാർത്ഥിയെ മോഷ്ടാവായി ചിത്രീകരിക്കുകയും വിദ്യാർത്ഥി പോലീസിന് മൊഴി നൽകിയെന്ന് വ്യാജമായി കഥ മെനയുകയും ചെയ്തതിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കേന്ദ്ര മാനവ ശേഷി വിഭവ വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, കേരള വനിതാ കമ്മീഷൻ, കേരള ബാലാവകാശ കമ്മീഷൻ എന്നിവർക്കാണ് പരാതി അയച്ചത്.

സ്കൂളിലെ ചില കുട്ടികളിൽ നിന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് വിദ്യാർത്ഥി ഇത്തരമൊരു പ്രവർത്തി ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ മുഴുവനും മറച്ചുവെച്ച് കുട്ടിയുടെ പ്രവർത്തിക്കു പിന്നിൽ വീട്ടിലെ പ്രശ്നങ്ങൾ ആണെന്ന് സ്ഥാപിച്ചെടുക്കാനാണ് പിടിഎ ശ്രമിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത്തരത്തിൽ പൊതുസമൂഹത്തിന് മുമ്പിൽ കുട്ടിയെ വഷളായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന ഗൗരവമായ പ്രശ്നം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

പൊതുവേ ശാന്ത സ്വരൂപക്കാരനായ കുട്ടി വീട്ടിൽനിന്ന് പണം കൂടുതലായി എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അമ്മ നടത്തിയ അന്വേഷണത്തിൽ ചില കുട്ടികൾ ഭീഷണിപ്പെടുത്തി എന്ന് വിവരം ലഭിച്ചത്. ഇക്കാര്യങ്ങൾ സ്കൂൾ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല എന്നുള്ളതിന് പുറമേ കുട്ടിയുടെ മേൽ കുറ്റം ചാർത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കുടുംബം പറയുന്നു. സ്കൂൾ അവധി ദിവസമായ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. രണ്ടാഴ്ചയ്ക്കുശേഷമാണ് സ്കൂൾ പിടിഎ പത്രസമ്മേളനം നടത്തിയത്.

പത്രസമ്മേളനത്തിന് വീഡിയോ ‘പയ്യോളി ഓൺലൈൻ’ വഴി പുറത്തിറങ്ങിയത്തോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe