കിഴൂർ ആറാട്ട് ചടങ്ങുകൾക്ക് നവംബർ 11 ന് ആരംഭം

news image
Nov 3, 2022, 1:57 pm GMT+0000 payyolionline.in

 

പയ്യോളി: പൂർവീകമായി വടക്കെ മലബാറിലെ ആദ്യ ക്ഷേത്രോത്സവമായ ശ്രീ കിഴൂർ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന് ആരംഭം കുറിക്കുന്ന നെല്ലളവ് ചടങ്ങ് നവംബർ 11 ന് കാലത്ത് 7നും 7.30 നും മദ്ധ്യേ ഭക്തജനങ്ങളുടേയും ഊരാളന്മാരുടേയും ക്ഷേത്ര ഭരണാധികാരികളുടേയും സാന്നിധ്യത്തിൽ ക്ഷേത്രം പടിപ്പുരയിൽ നടക്കും. വൃശ്ചിക മാസം ഒന്നാം തീയതി വ്രതാനുഷ്ഠാനം ആരംഭിക്കുന്ന വിവിധ സമുദായാംഗങ്ങൾക്ക് നൽകാനുള്ള അരി പ്രത്യേക രീതിയിൽ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട അവകാശിക്ക് മേനോക്കി നെല്ല് അളന്നു നൽകുന്നതാണ് ഈ ചടങ്ങ്.

തുടർന്ന് വെറ്റിലക്കെട്ട് വെപ്പ് നവംബർ 15 ന് വൈകീട്ട് കിഴക്കെ നടയിലെ കോവിലക കെട്ടിൽ നടക്കും. നടയിൽ ഭദ്രദീപം തെളിയച്ച ശേഷം വെറ്റിലയും അടക്കയും കോവിലകപ്പടിയിൽ സമർപ്പിച്ച് ക്ഷേത്ര മൂർത്തിയായ വാതിൽകാപ്പവരുടെ തിരുവായുധം
പുറത്തേക്കെഴുന്നള്ളിക്കുന്നതിന് അവകാശിയായ ചാമ്പാട്ടിൽ ചെട്ട്യാർ അനുമതി വാങ്ങുന്നതാണ് ഈ ചടങ്ങ്.


നവംബർ 16 ന് പ്രക്കൂഴം പാട്ടിന് പകൽ തന്ത്രി തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻറെ കാർമ്മികത്വത്തിൽ വിശേഷാൽ കലശാഭിഷേകങ്ങളും ശ്രീഭൂതബലിയും നടക്കും. വൈകീട്ട് കിഴൂർ സ്കൂൾ ജംഗ്ഷനിലുള്ള പ്രക്കൂഴം പാട്ട് തറയിലേക്ക് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പുമുണ്ടാകും. ദൈവംപാടി കുറുപ്പിൻറെ ആരാധനയ്ക്ക് ശേഷം വാദ്യഘോഷങ്ങളോടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി കളപൂജ, കളംപാട്ട്, കളം മായ്ക്കൽ ചടങ്ങുകളും, നിയോഗവും നടക്കുന്നു.
നവംബർ 17 ന് കാലത്ത് ക്ഷേത്രത്തിൽ അരയസമുദായത്തിനുള്ള പ്രത്യേകാവകാശമായ ഭണ്ഡാരംവെപ്പ് ചടങ്ങും വൈകീട്ട് കിഴൂരിൽ ആറാട്ട് ഉത്സവത്തിന് വ്രതാനുഷ്ഠാനം അനുഷ്ഠിക്കുന്ന കർമ്മികൾക്ക് ഇളനീർ കൊടുക്കുന്ന വിശേഷാൽ ചടങ്ങും നടക്കുന്നു. വൃശ്ചികം 1 മുതൽ 24 വരെ നടക്കുന്ന നിറമാല വഴിപാടുകൾക്ക് ശേഷം ഡിസംബർ 11 ന് കൊടി ഏറുന്ന ഉത്സവം, ഡിസംബർ 16 നടക്കുന്ന പ്രശസ്തമായ ആറാട്ടോടെ സമാപിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താന്ത്രിക ക്രിയകളിൽ ഒതുക്കി നടത്തിയ ആറാട്ടുത്സവം ഈ വർഷം അത്യാഘോഷപൂർവ്വം കൊണ്ടാടുവാൻ ക്ഷേത്ര സന്നിധിയിൽ ചേർന്ന ഭക്തജനങ്ങളുടെ വിപുലമായ യോഗം തീരുമാനിച്ചു.


കെ.പി. രമേശൻ – ചെയർമാൻ, ജിതേഷ് പുനത്തിൽ, പ്രഭാകരൻ പ്രശാന്തി, ശൈലജ ഗംഗാധരൻ നമ്പ്യാർ (വൈസ് ചെയർമാൻമാർ), കെ.വി. കരുണാകരൻ നായർ ( ജനറൽ കൺവീനർ), കുറുമണ്ണിൽ രവീന്ദ്രൻ, ഓടാണ്ടിയിൽ വിനോദൻ, ബിന്ദു പണിക്കുളങ്ങര (കൺവീനർമാർ) കെ. പ്രകാശൻ മാസ്റ്റർ – ട്രഷറർ എന്നിവർ ഭാരവാഹികളും, പി.അനീഷ് മാസ്റ്റർ, പങ്കജാക്ഷൻ കൈപ്പുറത്ത് (സാമ്പത്തികം), സുഭാഷ് കോമത്ത്, സുനിൽ കുമാർ കണ്ടിയിൽ (പ്രചരണം), ബിജു ചൊവ്വവയൽകുനി, നാണു നായക്കോട്ട് (അലങ്കാരം), ഉണ്ണികൃഷ്ണൻ മാധവം, എം.എസ്. സുധാകരൻ (പ്രോഗ്രാം), കുന്നുമ്മൽ ബാബു, കുഞ്ഞിക്കണ്ണൻ മേപ്പള്ളിതാഴ (ആചാര വരവുകൾ) , ജയരാജൻ. കെ.വി, കെ.ടി ശിവദാസൻ (ചന്ത നടത്തിപ്പ്). കെ.ടി, സഹദേവൻ. കെ.ടി., കാര്യാട്ട് ഗോപാലൻ, സന്തോഷ് മീറങ്ങാടി (വെടിക്കെട്ട്) , ഇ.ടി. രമേശൻ, കുറ്റിയിൽ പ്രേമൻ (ശുചീകരണം) , മത്സ്യൻ പുനത്തിൽ, സത്യൻ മംഗലശ്ശേരി (കൊടിതോരണങ്ങൾ), മത്തത്ത് പുരുഷോത്തമൻ, മത്തത്ത് ഗംഗാധരൻ നമ്പ്യാർ (സുരക്ഷ) എന്നിവർ ഭാരവാഹികളായ സബ്കമ്മിറ്റികളും, പാരമ്പര്യട്രസ്റ്റി കെ. സദാനന്ദൻ അടിയോടിയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര ഭരണസമിതിയും ക്ഷേത്രോത്സവം ഭംഗിയായി നടത്താനുള്ള ഒരുക്കത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe