തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഫർണിച്ചർ കടയുടെ ഗോഡൗൺ കത്തി നശിച്ചു. ആരോ തീയിട്ടതാണെന്ന് കടയുടമ ആരോപിച്ചു. വിശദ പരിശോധനയ്ക്ക് ശേഷമേ തീ പിടിത്തത്തിൻറെ കാരണം പറയാനാവൂ എന്ന് അഗ്നിശമന സേന പ്രതികരിച്ചു.
പട്ടത്ത് ജോയ് ഫർണിച്ചർ എന്ന സ്ഥാപനത്തിൻറെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന മെത്തയും ഫർണിച്ചർ സാധനങ്ങളും ഉൾപ്പെടെയാണ് കത്തിയത്. രാവിലെ പത്തേ കാലോടെയാണ് സമീപത്തുള്ളവർ ഗോഡൗണിൽ തീപിടിക്കുന്നത് കണ്ടത്. അടുത്ത കെട്ടിടത്തിൻറെ ജനാലയിലേയ്ക്കും തീ പടർന്നു. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഇവിടെ താസിക്കുന്നത്. സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ഓടി.
അഗ്നശമന സേനയുടെ നാലു യൂണിറ്റുകൾ രണ്ടു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയുടെ മുൻ ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചർ സാധനങ്ങളിലേയ്ക്കും സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും ഗുരുമന്ദിരത്തിലേയ്ക്കും തീ പടരുന്നത് തടയാനായി. മുൻപും ഇവിടെ കടകൾ കത്തി നശിച്ചിരുന്നു. 20 ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ കത്തി നശിച്ചെന്ന് കടയുടമ പറഞ്ഞു.
