സൈബർ തട്ടിപ്പുകൾക്ക് തടയാൻ മെസേജിംഗ് ആപ്പുകളിൽ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. വാട്‌സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകൾ ഇനി സിം കാർഡില്ലാതെ ഉപയോഗിക്കാനാകില്ല. രജിസ്റ്റർ ചെയ്ത സിം ഫോണിൽ ഇല്ലെങ്കിൽ ആപ്പുകൾ ലഭിക്കില്ല.
വെബ് വേർഷനുകൾക്ക് കൃത്യമായ ഇടവേളകളിൽ ഓട്ടോമാറ്റിക് ലോഗൗട്ടും നിർബന്ധമാക്കി. വെബ് വേർഷനുകൾ ഓരോ ആറ് മണിക്കൂറിലും ലോഗൗട്ടാകും. ആപ്പ് അധിഷ്ഠിത ആശയവിനിമയ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ ഉപഭോക്തൃ അക്കൗണ്ടുകൾ കെവൈസി പരിശോധന പൂർത്തിയാക്കിയ സിം കാർഡുകളുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം വകുപ്പ് നിർദേശം നൽകി.
2026 ഡിസംബർ 31-നകം ഈ നിർദേശങ്ങൾ നടപ്പിലാക്കാനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന സമയപരിധി. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരും അക്കൗണ്ടും തമ്മിലുള്ള ബന്ധം കൂടുതൽ സുരക്ഷിതമാക്കുക, ആപ്പുകൾ ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പ് തടയുക എന്നതാണ് ലക്ഷ്യം.
