വീണ്ടും ചികിത്സാ പിഴവ്; നാദാപുരം താലൂക്ക് ആശുപത്രിയിൽ പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം എടുത്തത് ആരോഗ്യകരമായ പല്ല്

news image
Oct 23, 2026, 7:52 am GMT+0000 payyolionline.in

നാദാപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതരമായ ചികിത്സാ പിഴവ്. നാദാപുരം താലൂക്ക് ആശുപത്രിയിൽ പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം ആരോഗ്യകരമായ മറ്റൊരു പല്ല് എടുത്തതായി പരാതി. സംഭവത്തിൽ കുട്ടിയുടെ കുടുംബം നാദാപുരം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.

കുട്ടിയും അമ്മയും ചേർന്ന് പല്ല് എടുക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു. പരിശോധനയ്ക്ക് ശേഷം ഒരു പല്ല് എടുത്തതായും വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാൽ മതിയെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പഞ്ഞി എടുത്തു മാറ്റിയപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ അമ്മ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് വിവരം അന്വേഷിച്ചപ്പോൾ മറ്റേ പല്ല് കൂടി എടുത്തു തരാം എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് അമ്മ ആരോപിക്കുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് പരാതി അറിയിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം.

ആദ്യം കേടായ പല്ല് എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ ആശുപത്രി അധികൃതർ, പിന്നീട് അതിനുള്ള മരുന്ന് നൽകിയിട്ടുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ കുട്ടിയ്ക്ക് നൽകിയതാകട്ടെ പാരസെറ്റാമോൾ മാത്രമാണെന്നും അമ്മ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe