കോഴിക്കോട്: നാലുദിവസം മുൻപ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവകുന്ന് സ്വദേശി രാധയാണ് (80) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇവർ മുങ്ങിത്താഴ്ന്നതായി സംശയിക്കുന്ന കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതൽ അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘവും സിവിൽ ഡിഫൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൂനൂർ പുഴയോരത്തു നിന്ന് രാധയുടെ ചെരുപ്പും മോതിരവും മൊബൈൽ ഫോണും ലഭിച്ചത്. ഇതിനെ തുടർന്നാണ് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചത്. കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
