തിരുവനന്തപുരം: കൂടത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിൽ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥൻ രവീന്ദ്രൻ. ജയമാധവൻ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും, വ്യാജ വിൽപ്പത്രത്തെ കുറിച്ച് അറിവില്ലെന്നും രവീന്ദ്രൻ ചോദ്യം ചെയ്യലിൽ മറുപടി നൽകി. രവീന്ദ്രനുമായി കൊലപാതകം നടന്ന കൂടത്തിൽ തറവാട്ടിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
കൊലപാതകം നടന്നു വർഷങ്ങൾക്ക് ശേഷം അറസ്റ്റിലേക്ക് കടന്ന കേസിൽ ശാസ്ത്രീയ തെളിവുകളായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിവള്ളി. കാര്യസ്ഥൻ രവീന്ദ്രൻ ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. പണവും സ്വത്തുംതന്നിട്ടുള്ള വ്യക്തിയെ താനെന്തിനു കൊല്ലണമെന്ന മറു ചോദ്യവും രവീന്ദ്രൻ ഉയർത്തി.തനിക്കെതിരെ പരാതി നൽകിയ അനിൽ കൊലപ്പെടുത്തിയതാകാമെന്നും രവീന്ദ്രൻ പറഞ്ഞു. എന്നാൽ, കേസിലെ നിർണ്ണായക തെളിവായ വിൽപ്പത്രം വ്യാജമെന്ന് രവീന്ദ്രൻ സമ്മതിച്ചില്ല. മറ്റു പല ചോദ്യങ്ങൾക്കും ഇയാൾ വ്യക്തമായ മറുപടിയും പറഞ്ഞില്ല.
ഇതിനിടെ, കസ്റ്റഡി സമയം അവസാനിക്കാനിരിക്കെ കൂടത്തിൽ തറവാട്ടിൽ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വലിയ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.ചോദ്യം ചെയ്യലിൽ രവീന്ദ്രൻ പറഞ്ഞ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മറ്റുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണന് അന്വേഷണ സംഘത്തിന്റെ നീക്കം.
