ചിങ്ങപുരം: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി. നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അനസ് അണ്യാട്ട് അധ്യക്ഷത വഹിച്ചു.
പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതർ ഹൃദ്യമായി വരവേറ്റു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക “ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും” സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി.കെ. ക്ലാസിന് നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് ടു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ശ്യാമള പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് അബ്ദുൽ കരീം, എസ്.എം.സി. ചെയർമാൻ ലിനീഷ് തട്ടാരി, ഹെഡ്മിസ്ട്രസ്സ് സജിത ടി.ഒ. എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി രജീഷ് ആർ.എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. വിപിൻ കുമാർ പി.പി. നന്ദി രേഖപ്പെടുത്തി. പി.ടി.എ, എസ്.എം.സി ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
