കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്ത് ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. കാപ്പാട് വികാസ് നഗർ പാണംകുളം കുനി അവനിക (14), തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർഥിവ് (17) എന്നിവരാണ് മരിച്ചത്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവനിക. പാർഥിവ് പ്ലസ് ടു വിദ്യാർത്ഥിയാണ്.
ഞായറാഴ്ച വൈകുന്നേരം 5.45-ഓടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന് അര കിലോമീറ്ററോളം തെക്കുമാറി മംഗലാപുരം – ചെന്നൈ മെയിൽ തട്ടിയാണ് ഇരുവരും അപകടത്തിൽ പെട്ടത്. ട്രെയിൻ തട്ടി മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രാത്രി ഏറെ വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പാണംകുളം കുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോയിപ്പറമ്പത്ത് സുബീഷിന്റെയും സുനിഷയുടെയും മകനാണ് പാർഥിവ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
