കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കം; കോട്ടയത്ത് അച്ഛനെ മകൻ തലക്കടിച്ച് കൊന്നു, പ്രതി അറസ്റ്റിൽ

news image
Oct 12, 2026, 12:48 pm GMT+0000 payyolionline.in

കോട്ടയം: കോട്ടയം മണിമലയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് മണിമലയിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷിൻറെ ഭാര്യയും മക്കളും താമസിക്കുന്ന ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. സന്തോഷ് കഴിഞ്ഞ കുറെ നാളുകളായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമല്ല താമസിച്ചിരുന്നത്. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് ചാരുവേലിയിലെ വീട്ടിലേക്കെത്തിയിരുന്നത്. ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.

സംഭവമുണ്ടായ പത്താം തിയതി വൈകിട്ടും സന്തോഷ് ചാരുവേലിയിലെ വീട്ടിലെത്തി ബഹളം വെച്ചു. ഭാര്യ സിന്ധുവിനെ ഉപദ്രവിച്ചു. മക്കളായ സച്ചുവും സനോജുമായി വഴക്കുണ്ടായി. ഇതിനിടെയാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിൻറെ തലയ്ക്കടിച്ചത്. ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോൾ വീടിൻറെ മുറ്റത്ത് കിടക്കുകയായിരുന്നു സന്തോഷ്. സംഭവ സ്ഥലത്ത് നിന്ന് തന്നെ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe