മണിപ്പുരിൽ സംഭവിക്കുന്നത് ഗുജറാത്ത് വംശഹത്യയുടെ തുടർച്ച: എം വി ഗോവിന്ദൻ

news image
Jul 27, 2023, 6:49 am GMT+0000 payyolionline.in

ആലപ്പുഴ> മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗുജറാത്ത് വംശഹത്യയുടെ  തുടര്‍ച്ചയാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . മണിപ്പുരിന്റെ  രക്ഷയ്ക്കായി എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ‘സേവ് മണിപ്പുർ ’ജനകീയ കൂട്ടായ്മ ആലപ്പുഴ പൂക്കാവ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.

 

മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകും. മണിപ്പൂരില്‍ വര്‍ഗീയ കലാപം വംശഹത്യയായി മാറുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ മറുപടി പറയേണ്ടി വരും.

എവിടെയും കത്തിക്കാനുള്ള ഒരു വിത്ത് ബിജെപി പാകിയിരിക്കുകയാണ്. അത് മണിപ്പൂരില്‍ മാത്രമായി ഒതുങ്ങില്ല. ഏക സിവില്‍ കോഡ് അതിന്റെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനല്ല നീക്കം. ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രമാണത്. ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാവരുമായും സഹകരിക്കും. തങ്ങള്‍ ഒരു വേലിയും കെട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

മണിപ്പുരിലെ കലാപത്തിൽ കേന്ദ്രം നോക്കി നിൽക്കുകയാണെന്നും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ തലകുനിക്കേണ്ട സാഹചര്യമാണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. എത്ര വികൃതമായി ഇന്ത്യയുടെ മുഖമെന്നും എൽഡിഎഫ് ജനകീയ കൂട്ടായ്മ കോഴിക്കോട് മുതലക്കുളത്ത്  ഉദ്ഘാടനം ചെയ്ത്  ഇപി ജയരാജൻ പറഞ്ഞു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe