പുണെ∙ വിവാദങ്ങൾക്കും ഭിന്നിപ്പുകൾക്കുമിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടാൻ മുതിർന്ന എൻസിപി നേതാവ് ശരദ് പവാറും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും. തിലക് സ്മാരക് മന്തിർ ട്രസ്റ്റ് (ഹിന്ദ്സ്വരാജ്സംഘ്) ഏർപ്പെടുത്തിയ ലോക്മാന്യ തിലക് ദേശീയ അവാർഡ്, പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന ചടങ്ങിൽ മൂവരും ഒരുമിച്ച് പങ്കെടുക്കുമെന്നാണ് സൂചനകൾ. ശരദ് പവാറാണ് അവാർഡ്ദാന ചടങ്ങിന്റെ മുഖ്യാതിഥി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും അതിഥികളിൽ ഒരാളാണ്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത്. ലോക്‌മാന്യ തിലകിന്റെ 103ാമത് ചരമവാർഷികത്തിലാണ് അവാർഡ് സമർപ്പണം
എൻസിപിയിൽ പിളർപ്പുണ്ടായതിന് ശേഷം ആദ്യമായാണ് പൊതുപരിപാടിയിൽ ഒരുമിച്ചുള്ള പങ്കാളിത്തം. മികച്ച നേതൃപാടവത്തിനും പൗരന്മാരിൽ ദേശീയത വളർത്തിയതിനുമാണ് നരേന്ദ്രമോദിക്ക് അവാർഡെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദീപക് തിലക് പറഞ്ഞു. മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എന്നിവരും ചടങ്ങിലേക്ക് ക്ഷണിതാക്കളാണ്.
എൻസിപി പിളർന്നതിന് പിന്നാലെ എൻസിപിയിലെ അഴിമതിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി, ആരോപണം നേരിടുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടിരുന്നു. അജിത് പവാർ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്‌കരെ തുടങ്ങി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നേതാക്കൾ ബിജെപിയുമായി കൂട്ടുചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ശരത് പവാറിന്റെ വെല്ലുവിളി. എൻസിപിയിൽ നിന്നുള്ള അംഗങ്ങൾക്ക് മന്ത്രിസഭയിൽ ഇടം നൽകിയതോടെ ആരോപണങ്ങൾ വസ്‌തുതാപരമല്ലെന്ന് തെളിഞ്ഞതായും പവാർ പ്രതികരിച്ചിരുന്നു.
മഹാരാഷ്ട്രയിലെ 53 എൻസിപി എംഎൽമാരിൽ 31 പേരെ അണിനിരത്തിയാണ് അജിത് പവാർ കരുത്ത് തെളിയിച്ചത്. 14 എംഎൽഎമാർ മാത്രമായിരുന്നു ശരദ് പവാറിന്റെ യോഗത്തിനെത്തിയിരുന്നത്.