പയ്യോളി: തുറശ്ശേരിക്കടവില് സമത സാമൂഹ്യമാധ്യമ കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു. നൂറിന്റെ നിറവിലും കാർഷിക മേഖലയിൽ സജീവമായ തുറശ്ശേരിക്കടവില് കൊവ്വമ്മൽ കൊറുമ്പനും ഒപ്പം അക്ഷരം സാഹിത്യ പുരസ്കാരം, കെ.പി.ഉമ്മർ പുരസ്ക്കാരം എന്നിവ ലഭിച്ച പ്രശസ്ത കവയിത്രി ഉഷാ സി. നമ്പ്യാർക്കും, സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടിക്കും തുറശ്ശേരിക്കടവ് സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ ആദരവു നൽകി.
മേലടി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേംനാഥ് മുഖ്യാതിഥിയായിരുന്നു. സമതയുടെ ആദരവേറ്റു വാങ്ങിക്കൊണ്ട് കൊവ്വമ്മൽ കൊറുമ്പന്റെ മകൾ കൊവ്വമ്മൽ ശൈലജ, ഉഷാ.സി. നമ്പ്യാർ, ഇബ്രാഹിം തിക്കോടി എന്നിവർ മറുമൊഴി രേഖപ്പെടുത്തി.
സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ സംസ്ഥാന ജനറൽ സിക്രട്ടറി ഷാജിലാൽ തൃശൂർ, സമതയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. പയ്യോളി നഗരസഭ കൗൺസിലർ സി.കെ.ഷഹനാസ്, പയോളി നഗരസഭ കൗൺസിലർ, ഷിജിന മോഹൻ പൊന്ന്യേരി, മുജേഷ് ശാസ്ത്രി, തച്ചൻകുന്ന് ഭാവനാ കലാവേദി ചന്ദ്രൻ തോട്ടത്തിൽ, ജിതേഷ് പുനത്തിൽ, വേങ്ങോട്ട് അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് സ്വാഗതവും കെ.ശശി കൊവ്വമ്മൽ നന്ദിയും പറഞ്ഞു.