കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോട്, പത്തനംതിട്ട​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

news image
Jul 7, 2023, 2:17 am GMT+0000 payyolionline.in

കണ്ണൂർ: കാലവര്‍ഷം അതി തീവ്രമായ സാഹചര്യത്തില്‍ കണ്ണൂർ, കോട്ടയം, കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

പ്രഫഷനല്‍ കോളജുകള്‍, അംഗൻവാടി, ഐ.സി.എസ്.ഇ /സി.ബി.എസ്.ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി നൽകണമെന്ന് കണ്ണൂർ കലക്ടർ അറിയിച്ചു. തുടർച്ചയായ മൂന്നാംദിവസമാണ് ജില്ലയിൽ അവധി പ്രഖ്യാപിക്കുന്നത്. കണ്ണൂർ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നതിനാൽ, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ (ജൂലൈ ഏഴിന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.

കാസർകോട്​: ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നതിനാൽ വെള്ളിയാഴ്ച പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർ ഉത്തരവിൽ പറഞ്ഞു.

സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ, പഴയ ക്ലാസ് മുറികൾ തുടങ്ങിയവ പി.ടി.എ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് കൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച അവധി നൽകുന്നതെന്നും ജില്ല കലക്ടർ ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട്: ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (വെള്ളി) ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. അവധിയായതിനാൽ മക്കൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും ജില്ല കലക്ടർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe