ഗാങ്ടോക്∙ സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ (എസ്‌എസ്‌എസ്‌സിഎസ്ഒഎ) വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനായി സർവീസ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും അറിയിച്ചു. സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച്, ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കിൽ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്.