വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു, അന്ത്യം ഭുവനേശ്വറിലെ ആശുപത്രിയിൽ

news image
Jan 29, 2023, 4:18 pm GMT+0000 payyolionline.in

ഭുവനേശ്വർ : വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ്  സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ ചികിത്സക്ക് വേണ്ടി ഭുവനേശ്വറിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കിയത് നേരത്തെ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തിലും പ്രതിപക്ഷം നവ ബാബുവിനെതിരെ ആരോപണം ഉന്നിയിച്ചിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്യുകയാണ്.  ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

എന്നാല്‍ ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിന് മരുന്ന കഴിക്കുന്നുണ്ടായിരുന്നുവെന്നുമാണ് ഭാര്യ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിയുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഭർത്താവിന് ഉണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ലെന്നാണ് ഭാര്യ ജയന്തിയുടെ പ്രതികരണം. മുഖ്യമന്ത്രി നവീൻ പട്നായിക് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലെത്തി  നബ കിഷോർ ദാസിനെ സന്ദർശിച്ചിരുന്നു. ഞെട്ടിക്കുന്ന സംഭവമാണുണ്ടായതെന്നും കൃത്യമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe