വടകരയിൽ വീട്ടിൽ സൂക്ഷിച്ച മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 13.56 ഗ്രാം എം.ഡി.എം.എ പിടികൂടി

news image
May 20, 2026, 6:33 am GMT+0000 payyolionline.in

വടകര: മണിയൂരിൽ വീട്ടിൽ സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. മണിയൂർ തുറശ്ശേരിക്കടവ് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെയാണ് (26) വടകര റൂറൽ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തത്. പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഇയാളുടെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് 13.56 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഉത്തംദാസിന്റെ നേരിട്ടുള്ള നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം മുഹമ്മദ് ഇർഫാന്റെ വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മയക്കുമരുന്നും പ്രതിയെയും പയ്യോളി പോലീസിന് കൈമാറി. പിടിയിലായ മുഹമ്മദ് ഇർഫാന്റെ പേരിൽ മുൻപും ഒട്ടേറെ കേസുകളുള്ളതായി പോലീസ് വ്യക്തമാക്കി.

ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ വിനീത് വിജയൻ, രാമത്ത് മനോജ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി.വി. ഷാജി, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. ശോഭിത്ത്, അഖിലേഷ്, സി.പി. അനൂപ്‌സെൻ, എൻ.വി. അനുഷ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പയ്യോളി പോലീസ് പൂർത്തിയാക്കി വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe