ലിബിയയിൽ നിന്നും അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 79 മരണം

news image
Jun 15, 2023, 4:25 am GMT+0000 payyolionline.in

ഏതൻസ്: ലിബിയയിൽ നിന്നും അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 79 പേർ മരിച്ചു. ഗ്രീസിനടുത്താണ് ബോട്ട് മുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ബോട്ടപകടത്തിൽ രക്ഷപ്പെട്ടവർ അഭയാർഥി കേന്ദ്രത്തിൽ വിശ്രമിക്കുന്നു.

104 അഭയാർഥികളെ ഇതുവരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരെ കൽമാറ്റ നഗരത്തിലേക്കാണ് അയച്ചിരിക്കുന്നത്. 16 മുതൽ 41 വയസ് വരെ പ്രായമുള്ള പുരുഷൻമാരാണ് രക്ഷപ്പെട്ടവരിൽ കൂടുതലും. സ്ത്രീകളും കുട്ടികളും ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏകദേശം 750 പേർ ബോട്ടിൽ സഞ്ചരിച്ചതെന്നാണ് വിവരം. അതേസമയം, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുപ്രകാരം 400 പേരാണ് ബോട്ടിലുള്ളത്. ലിബിയയിലെ ടോബ്രൂക്കിൽ നിന്നാണ് ബോട്ട് യാത്ര തിരിച്ചത്.

അഭയാർഥികളുമായി വന്ന ബോട്ടിന് സഹായം നൽകാമെന്ന് അറിയിച്ചിരുന്നതായി ഗ്രീസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. എന്നാൽ, ഇത് നിരസിച്ച അഭയാർഥികൾ യാത്ര തുടരാനാണ് താൽപര്യമെന്ന് അറിയിച്ചു. മണിക്കൂറുകൾക്കകം ബോട്ട് മുങ്ങുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe