ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിന് തിരിച്ചടി ; ശിക്ഷാവിധിയിൽ സ്റ്റേയില്ലെന്ന് ഹെെക്കോടതി

news image
Oct 3, 2023, 8:35 am GMT+0000 payyolionline.in

കൊച്ചി> ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേയില്ല. മുഹമ്മദ് ഫെെസലിനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച കവരത്തി സെഷന്‍സ് കോടതി വിധി നിലനില്‍ക്കുമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവായി.

വധശ്രമക്കേസിൽ ലക്ഷദ്വീപ്‌ എംപി മുഹമ്മദ്‌ ഫൈസൽ കുറ്റക്കാരനാണെന്ന കവരത്തി കോടതിയുടെ വിധി നേരത്തെ ഹെെക്കോടതി മരവിപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരായ അപ്പീലിൽ സുപ്രീംകോടതി  ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കുകയും ഹൈക്കോടതിയോട കേസ്‌ വീണ്ടും പരിഗണിക്കുവാൻ നിർദേശിക്കുകയുമായിരുന്നു.  ആറാഴ്‌ചയ്‌ക്കുള്ളിൽ തീർപ്പ്‌ കൽപ്പിക്കണമെന്നും ജസ്റ്റിസ്‌ ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച്‌ ഹെെക്കോടതിയോട് നിർദേശിച്ചിരുന്നു.  ആറാഴ്‌ച മുഹമ്മദ്‌ ഫൈസലിന്‌ എംപിയായി തുടരാമെന്നും അന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.

 

മുൻ കേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമദ്‌ സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എൻസിപി നേതാവുകൂടിയായ മുഹമ്മദ്‌ ഫൈസൽ എംപി ഉൾപ്പെടെ മൂന്നു പേർ കുറ്റക്കാരാണെന്ന്‌ ജനുവരി 11നാണ്‌ കവരത്തി സെഷൻസ്‌ കോടതി ഉത്തരവിട്ടത്‌. ഇവരെ 10 വർഷം കഠിനതടവിനും ശിക്ഷിച്ചു. ഇതിനു പിന്നാലെ ഫൈസലിനെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കി.  ജനുവരി 25ന്‌ ഹൈക്കോടതി വിധി മരവിപ്പിച്ചു.

ഹൈക്കോടതി ഉത്തരവിന്‌ എതിരെ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷനാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഗുരുതരകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന വിധികൾ മരവിപ്പിക്കുന്നത്‌ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ശേഷമാകണമെന്ന സന്ദേശമാണ്‌ സുപ്രീംകോടതി നിലവിൽ നൽകിയിരിക്കുന്നത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe