മഴ ശക്തം; നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

news image
Jul 4, 2023, 2:35 pm GMT+0000 payyolionline.in

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി ബുധനാഴ്ച തൃശൂർ, കാസർകോട്, കണ്ണൂർ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കാസർകോഡ് ജില്ലയിൽ ​റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.

ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കൂടി അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കലക്ടർ അറിയിച്ചു.

അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. അതേസമയം, കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല. കണ്ണൂർ, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മാഹിയിലും അവധി

മാഹി: കാലവർഷം ശക്തമായ സാഹചര്യത്തിൽ മാഹി മേഖലയിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി.
മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe