തിരുവനന്തപുരം > പുതുവത്സരദിനത്തിൽ ഐഎസ്ആർഒയോടൊപ്പം പുതു ചരിത്രം കുറിച്ച് പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനികൾ. കോളേജിലെ അധ്യാപികമാരും വിദ്യാർത്ഥിനികളും ചേർന്നൊരുക്കിയ വീ- സാറ്റ് ഉപഗ്രഹം പിഎസ്എൽവി സി-58നൊപ്പം കുതിച്ചുപൊങ്ങി. കേരളീയ പെൺകരുത്തിന്റെ ചരിത്ര നേട്ടമായി വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെ മുൻകൈയിലൊരുങ്ങിയ വി-സാറ്റ് ബഹിരാകാശ പഥത്തിലേക്ക് കുതിച്ചുയർന്നതിൽ അഭിമാനമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യാമേഖലയിൽ വലിയൊരു കുതിച്ചു ചാട്ടമെന്ന് പറയാവുന്നവിധത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് വീ സാറ്റ്. ഈ ഉദ്യമത്തിന് സർക്കാർ ധനസഹായമെന്നനിലയിൽ 31 ലക്ഷം രൂപ നൽകിയിരുന്നു. ഡോ. ലിസി ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമർത്ഥമായ കൂട്ടായ്‌മയ്ക്ക് പ്രത്യേക പരാമർശവും അഭിനന്ദനങ്ങളും നേരുന്നു.
നമ്മുടെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളിലെ ഏറ്റവും തിളക്കമാർന്നൊരു അധ്യായമായി വീ സാറ്റ് ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. പൊൻതിളക്കമാർന്ന സംരംഭത്തിന് മുൻകൈ എടുത്ത അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഐ എസ് ആർ ഒയ്ക്കും കേരള സർക്കാരിനേയും ഉന്നതവിദ്യാഭ്യാസ വകുപ്പിനേയും പ്രതിനിധീകരിച്ച് മന്ത്രി അനുമോദനങ്ങളും ആശംസകളും അർപ്പിച്ചു.