പവർ എക്സ്ചേഞ്ചിൽ 50 രൂപയ്ക്കു വരെ വൈദ്യുതി വിൽക്കാൻ അനുമതി

news image
Feb 19, 2023, 2:19 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ യൂണിറ്റിന് 50 രൂപ വരെ വിലയ്ക്കു വൈദ്യുതി വിൽക്കാൻ സാധിക്കുന്ന പ്രത്യേക വിപണി പവർ എക്സ്ചേഞ്ചിൽ തുടങ്ങാൻ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി. വേനൽക്കാലത്തു രാജ്യത്തു വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെ ഇതു മറ്റു വിപണികളിലും വിലക്കയറ്റം ഉണ്ടാക്കുമെന്ന് ആശങ്കയുണ്ട്. വൻ വിലയ്ക്കു വൈദ്യുതി വാങ്ങാൻ ആളുണ്ടെന്നു വ്യക്തമായാൽ കുറഞ്ഞ വിലയ്ക്കു ഹ്രസ്വകാല, ദീർഘകാല കരാറുകൾ ഒപ്പു വയ്ക്കാൻ വൈദ്യുതി ഉൽപാദകർ മടിക്കും. അടുത്ത മാസം മുതൽ മേയ് വരെ 6 മുതൽ 8 വരെ രൂപയ്ക്കു വൈദ്യുതി വാങ്ങാനാണു വൈദ്യുതി ബോർഡ് ഹ്രസ്വകാല കരാർ ഒപ്പു വച്ചിരിക്കുന്നത്.

രാജ്യത്തു വൈദ്യുതി വിൽപന നടത്തുന്ന 3 പവർ എക്സ്ചേഞ്ചുകളാണുള്ളത്. ഇതിൽ 90% ഇടപാടും നടക്കുന്ന ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലാണു യൂണിറ്റിന് 50 രൂപയ്ക്കു വരെ വൈദ്യുതി വിൽക്കാൻ സാധിക്കുന്ന പ്രത്യേക വിപണി. പ്രകൃതി വാതകം, ഇറക്കുമതി ചെയ്ത കൽക്കരി എന്നിവയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് ഈ വിപണിയിൽ വിൽക്കുക.രാജ്യത്ത് 27,000 മെഗാവാട്ടിന്റെ പ്രകൃതിവാതക നിലയങ്ങളും 18,000 മെഗാവാട്ടിന്റെ ഇറക്കുമതി കൽക്കരി നിലയങ്ങളും ഉണ്ട്. പ്രകൃതി വാതക വൈദ്യുതിക്കു യൂണിറ്റിന് 40 രൂപയും ഇറക്കുമതി കൽക്കരി വൈദ്യുതിക്കു 16 രൂപയുമാണ് വില. ഇതു മൂലം ഈ നിലയങ്ങളിൽ കാര്യമായ ഉൽപാദനവും വിൽപനയും നടക്കുന്നില്ല. ഇതു വിറ്റഴിക്കുകയാണു പുതിയ വിപണിയുടെ ലക്ഷ്യം. അടുത്ത മാസത്തോടെ ഇതു തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

വേനൽക്കാലത്തു രാജ്യത്തെ വൈദ്യുതി ഉപയോഗം 2.3 ലക്ഷം മെഗാവാട്ട് ആയി ഉയരുമെന്നാണു പ്രതീക്ഷ. ഈ സമയത്തു പവർകട്ട് ഒഴിവാക്കാൻ ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ ആളുണ്ടാകുമെന്നു കരുതുന്നു. പവർ എക്സ്ചേഞ്ചിലെ സാധാരണ വിപണികളിൽ പരമാവധി 12 രൂപയാണു വില നിശ്ചയിച്ചിരിക്കുന്നത്.12 രൂപ നൽകിയാലും 2 മാസമായി അവിടെ ആവശ്യത്തിനു കറന്റ് ലഭ്യമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe