പരിശോധന തുടരുന്നു; ഫാരിസ് അബൂബക്കര്‍ 2 ദിവസത്തിനകം ഹാജരാകണം

news image
Mar 24, 2023, 3:15 am GMT+0000 payyolionline.in

കൊച്ചി ∙ പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്റെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ കണ്ടെത്താനുള്ള ആദായനികുതി വകുപ്പിന്റെ പരിശോധനകൾ ഇന്നലെയും തുടർന്നു. കൊച്ചി ചിലവന്നൂരിൽ ചൊവ്വാഴ്ച പരിശോധന നടത്തി മുദ്രവച്ച ഫ്ലാറ്റ് ഇന്നലെ വീണ്ടും തുറന്നു പരിശോധിച്ചു. ഇതിനു പുറമേ മധ്യകേരളത്തിലെ 2 റിസോർട്ടുകൾ അടക്കം 8 ഇടങ്ങളിൽ പരിശോധന തുടർന്നു. വിദേശത്തുള്ള ഫാരിസിനോടു രണ്ടു ദിവസത്തിനകം ആദായനികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റിൽ നേരിട്ടു ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. ഫാരിസോ അടുത്ത കേന്ദ്രങ്ങളോ ആദായ നികുതി പരിശോധനകളോടു പ്രതികരിച്ചിട്ടില്ല.

വിദേശത്തെ സംശയകരമായ ഉറവിടത്തിൽ നിന്നു ഫാരിസ് വഴി വൻതോതിൽ കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായുള്ള ആദായനികുതി ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആദായനികുതി യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 73 ഇടങ്ങളിൽ തിങ്കളാഴ്ച മുതൽ പരിശോധനകൾ നടക്കുന്നത്.

ചിലവന്നൂരിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നതു ഫാരിസിന്റെ കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ പ്രധാന ഇടനിലക്കാരനാണെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഈ ഫ്ലാറ്റിൽ നിന്നു സുപ്രധാന രേഖകൾ പരിശോധനയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe