ഡിജെ പാർട്ടി, ഫാഷൻ ഷോ: ഡിംപിളിന്റെ മൊബൈൽ കണ്ടെത്താൻ അന്വേഷണം

news image
Nov 22, 2022, 1:38 pm GMT+0000 payyolionline.in

കൊച്ചി ∙ നഗരത്തിൽ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ കേന്ദ്രീകരിച്ച് അന്വേഷണം. ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകള്‍ക്കു പുറമെ, ഡിംപിളിന്റെ കേരളത്തിലേക്കുള്ള തുടര്‍ച്ചയായ യാത്രകളെപ്പറ്റിയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡിംപിളിന്‍റെ വക്കാലത്ത് ഏറ്റെടുക്കുന്നതിനെ ചൊല്ലി അഭിഭാഷകര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.

 

യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ സൂത്രധാര മോ‍ഡല്‍ കൂടിയായ ഡിംപിള്‍ ലാംബയാണെന്നു പൊലീസ് ഉറപ്പിക്കുന്നു. ഡോളിയെന്ന പേരില്‍ അറിയപ്പെടുന്ന ഡിംപിള്‍ കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചിയില്‍ നിരവധി തവണ എത്തിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ ഷോകളിലും നിറസാന്നിധ്യമാണ്. കേസിലെ ഒന്നാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി വിവേകുമായി പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.

ഡിംപിളിന്‍റെ വക്കാലത്തിനെച്ചൊല്ലി കോടതിയിൽ ബി.എ.ആളൂരും അഫ്സലും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടതോടെ മജിസ്ട്രേറ്റ് ഇടപെട്ടു. അഫ്സലിനോട് ഇറങ്ങിപ്പോകാന്‍ ആക്രോശിച്ച ആളൂരിനോട് ഇത് ചന്തയല്ലെന്നു മജിസ്ട്രേറ്റ് ഓര്‍മിപ്പിച്ചു. അഫ്സലാണു തന്‍റെ അഭിഭാഷകനെന്നു ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂര്‍ പിന്മാറി. കസ്റ്റഡിയിലെടുത്ത പ്രതികളെ, മോഡലിനെ പീഡനത്തിനിരയാക്കിയ ബാറിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിച്ച് തെളിവെടുക്കും.

നാലാം പ്രതി ഡിംപിളിന്‍റെ മൊബൈല്‍ ഫോൺ കണ്ടെത്താനുണ്ട്. പരാതിക്കാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിനോട് 19 വയസ്സെന്നു പ്രായം പറഞ്ഞ പരാതിക്കാരിക്കു ബാറില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്സ് 25 ആണ്. കോടതിയില്‍ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലും പരാതിക്കാരിയുടെ വയസ്സ് 19 മാത്രം. വയസ്സ് തെറ്റായി നല്‍കിയതിന്‍റെ കാരണം കണ്ടെത്താനും പൊലീസ് ശ്രമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe