ടൈറ്റാനിക് തേടിപ്പോയി കാണാതായ യാത്രികർക്കായുള്ള തിരച്ചിൽ ഊർജിതം ; നിർണായകം 70 മണിക്കൂർ

news image
Jun 20, 2023, 11:55 am GMT+0000 payyolionline.in

ന്യൂയോർക്ക്: പതിറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ അറ്റ്ലാന്റിക് കടലിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരൻമാർ ഉൾപ്പെടെയുള്ള യാത്രികർക്കായുള്ള തിരച്ചിൽ ഊർജിതം. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് കാണാതായത്. ജീവനക്കാർ ഉൾപ്പെടെയുള്ളവരുമായി അന്തർവാഹിനി കാണാതായെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അന്തർവാഹിനിക്കുള്ളിൽ 70 മണിക്കൂർ കൂടി കഴിയാനുള്ള ഓക്സിജനാണ് ഇനി ബാക്കിയുള്ളതെന്നാണ് വിവരം. ഇതു തീരും മുൻപേ യാത്രികരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് യാത്രികരുമായി അന്തർവാഹിനി യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

∙ 2 മണിക്കൂറിനുള്ളി അപ്രത്യക്ഷം

ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് ഞായറാഴ്ച രാവിലെ അഞ്ചംഗ സംഘം യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ഈ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതർ അറിയിക്കുന്നത്. ‘പോളർ പ്രിൻസ്’ എന്ന ഗവേഷണ കപ്പലാണ് ഇവരുടെ യാത്രയ്ക്ക് മാർഗദർശിയായി ഉണ്ടായിരുന്നത്. ഈ കപ്പലുമായുള്ള ബന്ധമാണ് നഷ്ടമായത്.

ഇവരെക്കുറിച്ച് ഇതുവരെ യാതൊരു സൂചനകളുമില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അന്തർവാഹിനിക്കുള്ളിലെ ഓക്സിജൻ ശേഖരം കുറയുന്നതാണ് യാത്രക്കാരുടെ കുടുംബാംഗങ്ങളെയും രക്ഷാപ്രവർത്തകരെയും ആശങ്കയിലാക്കുന്നത്. ഇപ്പോഴും 70 മണിക്കൂറിലധികം നേരത്തേക്കുള്ള ഓക്സിജൻ അന്തർവാഹിനിയിലുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.

അന്തർവാഹിനി കണ്ടെത്താനും അതുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും വിവിധ സർക്കാർ ഏജൻസികളും സമുദ്ര പര്യവേക്ഷണ കമ്പനികളും രംഗത്തുണ്ട്. ഏതു വിധേനയും അന്തർവാഹിനിയുടെ പാത കണ്ടെത്തി യാത്രക്കാരെ തിരിച്ചുകൊണ്ടു വരാനാണ് ശ്രമം. സൈനിക വിമാനങ്ങളും അന്തർവാഹിനികളും കടലിനടിയിൽ പരിശോധന നടത്തുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.

ഉത്തര അറ്റ്ലാന്റിക്കിലെ വിദൂര സമുദ്രാന്തർഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിവിധ തീരദേശ സേനകൾ നിലവിൽ തിരച്ചിൽ നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe