കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിലാ(23)ണ് മരിച്ചത്. അഗ്നിരക്ഷാസേനയിലെ സ്ക്യൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
ബുധനാഴ്ച പുലർച്ചെ ചാലിയാറിലെ മണന്തല കടവിന് സമീപമായിരുന്നു അപകടം. മൂവരും ചേർന്ന് പുഴയിൽ മീൻപിടിക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ചെറിയ തോണി പെട്ടെന്ന് മറിയുകയായിരുന്നു. രക്ഷപ്പെട്ടവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയായതിനാൽ വെളിച്ചക്കുറവ് ആദ്യഘട്ടത്തിൽ തിരച്ചിലിന് തടസ്സം സൃഷ്ടിച്ചിരുന്നു.
