തിരുവനന്തപുരം> കോവിഡ് ബാധിച്ചവരിൽ ഇതര വൈറൽ രോഗങ്ങൾ മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. ആറുമാസത്തിൽ ഇൻഫ്ലുവൻസ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്. കുട്ടികളിലടക്കം മസ്തിഷ്ക ജ്വര ബാധയും വർധിച്ചു. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച എല്ലാ രോഗികളിലും കോവിഡിനെതിരായ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ചികിത്സ ഉറപ്പാക്കാനും രോഗികളെ മരണത്തിൽനിന്ന് രക്ഷിക്കാനും ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി.
കഠിനമായ പനി, അബോധാവസ്ഥ, ചുഴലി തുടങ്ങിയവയാണ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. മസ്തിഷ്ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളെയും ഇൻഫ്ലുവൻസ പിസിആറി-ന് വിധേയരാക്കണം. ഇതിനായി മൂക്കിൽനിന്നാണ് സാമ്പിളെടുക്കുക. പനിക്കാലത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരിലും മസ്തിഷ്ക ജ്വര സാധ്യതയുള്ളതിനാൽ പരിശോധന നടത്തും. രോഗനിർണയം ഉറപ്പാക്കുന്നതുവരെ, സ്ക്രബ് ടൈഫസ് രോഗികൾക്കു സമാനമായ പരിചരണം ലഭ്യമാക്കണം. രോഗം സ്ഥിരീകരിച്ചാൽ സ്ഥാപനത്തിലെ മെഡിക്കൽ ബോർഡാണ് ചികിത്സ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. പീഡിയാട്രീഷ്യൻ/ ഫിസിഷ്യൻ, ന്യൂറോളജിസ്റ്റ് എന്നിവർ അടങ്ങിയതാകണം ഈ മെഡിക്കൽ ബോർഡ്. ഓരോ കേസിനുവേണ്ടിയും പ്രത്യേകം യോഗം ചേർന്നുവേണംതീരുമാനമെടുക്കാനെന്നും മസ്തിഷ്ക ജ്വരം കൈകാര്യ ചെയ്യുന്നതിനുള്ള മാർഗനിർദേശത്തിൽ വ്യക്തമാക്കി.
ആറുമാസത്തിനിടെ കഴിഞ്ഞ മൂന്നാഴ്ചയിലാണ് മസ്തിഷ്ക ജ്വരബാധയിൽ വർധന. ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി 24-–-48 മണിക്കൂറിനുള്ളിൽ മസ്തിഷ്ക ജ്വരം ഗുരുതരമാകും. ഇതിൽ നാലുപേർക്ക് ആദ്യ ചുഴലിയുണ്ടായി 12–-ാം മണിക്കൂറിൽ മസ്തിഷ്ക ജ്വരം, മസ്തിഷ്ക ഹെർണിയേഷൻ എന്ന അവസ്ഥയിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. മസ്തിഷ്കത്തിലെ മർദം കാരണം കോശങ്ങൾക്ക് സ്ഥാനവ്യതിയാനം ഉണ്ടാകുന്ന അവസ്ഥയാണിത്. 2006 മുതൽ 2015 വരെ ഒരുലക്ഷത്തിൽ 1.2 മസ്തിഷ്ക ജ്വര കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് കണക്ക്. എന്നാൽ, കോവിഡ് കാലത്ത് ഇതിൽ വർധനയുണ്ടായി. മസ്തിഷ്ക ജ്വരബാധിതരിലെ മരണനിരക്ക് നാലുശതമാനം മുതൽ 30 ശതമാനംവരെയാണ്.