കേരള നിയമസഭ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ

news image
Nov 17, 2022, 4:50 pm GMT+0000 payyolionline.in

തിരുവനന്തപുരം : കേരള നിയമസഭയുടെ അടുത്ത സമ്മേളനം വിളിച്ചു ചേർക്കുന്നതിന് അനുമതി നൽകി ​ഗവർണർ. ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്. സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം വെറ്ററിനറി വിസിക്ക് ഉടൻ നോട്ടിസ് നൽകില്ല. നോട്ടിസ് സംബന്ധിച്ച വിസിമാരുടെ ഹർജിയിൽ കോടതി തീരുമാനം വരട്ടെയെന്ന് ഗവർണർ വ്യക്തമാക്കി. നവംബർ 30 നാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.

കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. ഓര്‍ഡിനൻസുകൾ പാസാക്കാൻ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവിൽ ചേര്‍ന്നപ്പോൾ എംബി രാജേഷായിരുന്നു സ്പീക്കര്‍. പിന്നീട് ഷംസീറിന് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി സഭ ചേര്‍ന്നിരുന്നു.

വൈസ് ചാൻസലര്‍ നിയമനത്തിൽ സര്‍ക്കാര്‍ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കുകയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിൻ്റെ നിയമനത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങൾ നിലവിൽ പാര്‍ട്ടി ഏറ്റുവാങ്ങുകയുമാണ്. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വൈസ് ചാൻസലര്‍മാരുടെ എല്ലാം നില പരുങ്ങലിലാണ്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിൽ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങൾ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാൻ പോകുന്നത്. ഒരു ഘട്ടത്തിൽ സിപിഎമ്മിനൊപ്പം ഗവര്‍ണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളിൽ നിന്നും തുടര്‍ച്ചയായി തിരിച്ചടിയുണ്ടായി തുടങ്ങിയതോടെ സര്‍ക്കാരിനെതിരെ നീക്കം കടുപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിൻവാതിൽനിയമനവും പ്രതിപക്ഷം സഭയിൽ ആയുധമാക്കാനാണ് സാധ്യത.

അതേസമയം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ ആര്‍എസ്എസ് അനുകൂല, നെഹ്റു വിരുദ്ധ പ്രസ്താവനകൾ വച്ചാവും ഭരണപക്ഷം തിരിച്ചടിക്കുക. ഇക്കാര്യത്തിൽ മുസ്ലീം ലീഗിനെ കൂടി പ്രതിക്കൂട്ടിലാക്കാനും ഭരണപക്ഷം ആഗ്രഹിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe