പേരാമ്പ്ര റോഡിൽ “നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിച്ചു; ലംഘിച്ചാൽ കടുത്ത നടപടി

news image
Nov 17, 2022, 5:02 pm GMT+0000 payyolionline.in

പയ്യോളി: ദേശീയപാതയിലെ മൂരാട് പാലം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പയ്യോളി ടൗണിൽ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി പേരാമ്പ്ര റോഡിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി നിർത്തിയിടുന്ന മേഖലയിലാണ് ഇപ്പോൾ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
പേരാമ്പ്ര റോഡ് അർബൻ ബാങ്കിന് മുൻവശത്തും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

പലരും പുലർകാലങ്ങളിൽ ഇവിടെ വാഹനം പാർക്ക് ചെയ്ത് രാത്രി വൈകി എടുത്തു പോകുന്നവരാണ്. നിയന്ത്രണം ഏർപ്പെടുത്തിയത് അറിയാതെ ആരെങ്കിലും വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പാർക്കിംഗ് ബോർഡുകളും റിബണുകളും കെട്ടി തിരിച്ചത്.പേരാമ്പ്ര റോഡിലെ നിയന്ത്രണങ്ങൾക്ക് പുറമേ നഗരസഭ ഓഫീസിൽ മുന്നിലൂടെയുള്ള റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്ര റോഡിൽ നിന്ന് നഗരസഭ ഓഫീസിലേക്ക് പ്രവേശിക്കുന്ന ഭാഗം വൺവേ ആയി തുടരും. ഉരൂക്കരഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നഗരസഭ ഓഫീസിൽ ഭാഗത്തേക്ക് പ്രവേശിക്കാതെ കെഎസ്ഇബി റോഡിലൂടെ ദേശീയപാതയിലേക്കാണ് പോകേണ്ടത്.

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടിപി പ്രജീഷ് കുമാറും ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരും പയ്യോളി പോലീസ് ചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചത്.

നാളെ പുലർച്ചെ മുതൽ പ്രദേശത്ത് പോലീസ് നിരീക്ഷണം ഉണ്ടായിരിക്കും. നിയന്ത്രണം ലംഘിച്ച് ആരെങ്കിലും വാഹനം പാർക്ക് ചെയ്താൽ വാഹനം എടുത്തു മാറ്റുന്ന അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂരാട് പാലം അടയ്ക്കുന്ന ആദ്യദിവസം ആയതിനാൽ നാളെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി ആകും തുടർന്നുള്ള ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe