ഡിജിറ്റൽ യുഗത്തിന്റെ അതിവേഗ ഓട്ടത്തിനിടയിൽ പഴമയുടെ വസന്തത്തിലേക്ക് മടങ്ങിപ്പോകുകയാണ് സോഷ്യൽ മീഡിയ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എൺപതുകളിലെ ക്ലാസിക് ഹെയർസ്റ്റൈലും ബെൽബോട്ടം വസ്ത്രങ്ങളും വിന്റേജ് ചായക്കൂട്ടങ്ങളുമൊക്കെയായി നിൽക്കുന്ന ചിത്രങ്ങൾ തരംഗമാകുന്നു. 80-കളിലെ സ്റ്റുഡിയോകളിൽ പോയി എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന ഈ റെട്രോ മേക്കോവറുകൾക്ക് പിന്നിലെ പ്രധാന കാരണം നിർമ്മിത ബുദ്ധി അഥവാ എ.ഐ (AI) സാങ്കേതികവിദ്യയാണ്.
സാധാരണ സെൽഫിയോ ചിത്രങ്ങളോ നൽകിയാൽ നിമിഷനേരം കൊണ്ട് 80-കളിലെ സിനിമാ താരങ്ങളെപ്പോലെയോ പഴയകാല സ്റ്റുഡിയോ പോർട്രെയ്റ്റുകളായോ മാറ്റിയെടുക്കാൻ എ.ഐ ജനറേറ്ററുകൾക്ക് സാധിക്കുന്നു. പ്രത്യേക എഡിറ്റിംഗ് നൈപുണ്യമൊന്നുമില്ലാത്ത ആർക്കും എളുപ്പത്തിൽ വിന്റേജ് ചിത്രങ്ങൾ നിർമ്മിക്കാമെന്നതാണ് ഈ ട്രെൻഡ് വൈറലാകാൻ കാരണം.
80-കളിലെ സ്റ്റുഡിയോ ലൈറ്റിംഗും വാം കളർ ടോണുകളും വി.എച്ച്.എസ് ഫിൽട്ടറുകളും ചേരുമ്പോഴാണ് ചിത്രങ്ങൾക്ക് കൃത്യമായ പഴയകാല ലുക്ക് ലഭിക്കുന്നത്. ഇതിനോടൊപ്പം ഇളയരാജയുടെയും ആർ.ഡി. ബർമന്റെയുമൊക്കെ ഹിറ്റ് ഗാനങ്ങൾ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തി റീലുകൾ നിർമ്മിക്കുന്നതോടെ പൂർണ്ണമായൊരു ‘ടൈം ട്രാവൽ’ അനുഭവമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരും ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തതോടെ ഈ ട്രെൻഡ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
