എറണാകുളത്ത്‌ ആഫ്രിക്കൻ പന്നിപ്പനി ; ഫാമിലെ 27 പന്നികളെയും കൊന്ന് സംസ്കരിച്ചു

news image
Dec 29, 2022, 4:51 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഒരു ഫാമിൽ  ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ചെട്ടിക്കണ്ടത്ത്‌ പള്ളിപ്പറമ്പിൽ മേഴ്സിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ്‌ രോഗം കണ്ടെത്തിയത്‌. ഇതോടെ ഫാമിനുചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു. ഫാമിലും പരിസരത്തും പ്രത്യേക പ്രതിരോധ അണുനശീകരണം നടത്തി. ആഫ്രിക്കൻ പന്നിപ്പനി, എച്ച്‌ 1 എൻ 1 പോലെ മനുഷ്യരിലേക്ക്‌ പകരാത്തതുകൊണ്ട്‌ കൂടുതൽ ആശങ്ക ആവശ്യമില്ലെന്ന്‌ അധികൃതർ അറിയിച്ചു.

ഫാമിലെ 12 പന്നികൾ ചത്തതോടെ ബാക്കിയുള്ളവയിൽനിന്ന്‌ മൃഗസംരക്ഷണവകുപ്പ് സാമ്പിൾ ശേഖരിച്ച്‌ ഭോപ്പാലിലെ ഐസിഎആർ–-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ്‌ ലാബിൽ പരിശോധനയ്ക്ക്‌ അയച്ചിരുന്നു. ചൊവ്വ വൈകിട്ടാണ്‌ ഫലം ലഭിച്ചത്‌. രോഗം സ്ഥിരീകരിച്ചതോടെ ഫാമിലെ 27 പന്നികളെയും ബുധനാഴ്ച ചീഫ് വെറ്ററിനറി ഓഫീസർ പി എം രചനയുടെ മേൽനോട്ടത്തിൽ കൊന്ന് സംസ്കരിച്ചു. തൃശൂരിൽനിന്ന്‌ ഡോ. എ എസ് നിഖിൽ റോഷന്റെ നേതൃത്വത്തിൽ എത്തിയ വിദഗ്‌ധസംഘം ആവശ്യമായ നിർദേശം നൽകി.

രോഗബാധിതപ്രദേശത്ത് പന്നിമാംസ വിതരണം നിർത്തിവച്ചു. വിതരണത്തിനുപുറമെ, വിൽപ്പന നടത്തുന്ന കടകളുടെ പ്രവർത്തനവും പന്നി, മാംസം, തീറ്റ തുടങ്ങിയവ ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കലക്ടർ വിലക്കി. വ്യാപനം തടയാൻ, രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ മറ്റു ഫാമുകളിലെ പന്നികളെയും കൊല്ലും. രണ്ടുമാസത്തിനിടെ ഇവിടെനിന്ന് മറ്റു ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികൃതർക്ക് നിർദേശം നൽകി.

സംസ്ഥാനത്തിനുപുറത്തുനിന്ന് അനധികൃതമായി മാംസവും പന്നികളെയും കടത്താനുള്ള സാധ്യത പരിഗണിച്ച് ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശനകവാടങ്ങളിലും മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി ചേർന്ന് പരിശോധന നടത്തും. പാമ്പാക്കുട പഞ്ചായത്തിൽ പൊലീസ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്ഥാപന പ്രതിനിധികൾ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന  ദ്രുതകർമസേന രൂപീകരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe