ഇസ്രയേലിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി: ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി തയ്യാറെടുക്കാന്‍ സേനക്ക് നിര്‍ദ്ദേശം

news image
Oct 8, 2023, 11:28 am GMT+0000 payyolionline.in

ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്.

അതേസമയം, ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഒഴിപ്പിക്കൽ വേണ്ടിവന്നാൽ തയാറെടുക്കാൻ വ്യോമ – നാവിക സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ഇന്നലെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവിശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.

വിദ്യാർത്ഥികളെയും തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെ എത്തിക്കണം എന്നയാവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചു. 2006 ൽ ഇസ്രയേൽ ലബനൻ യുദ്ധമുണ്ടായപ്പോൾ കടൽമാർ​ഗമാണ് ഇന്ത്യാക്കാരെ ഒഴിപ്പിച്ചിരുന്നത്. 23000 പേരെ അന്ന് ആദ്യം സൈപ്രസിലെത്തിച്ച് രാജ്യത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. 2021 ൽ മലയാളി സൗമ്യ സന്തോഷിൻ്റെ ജീവൻ നഷ്ടമായ സംഘർഷ സമയത്തും കേന്ദ്രം ഒഴിപ്പിക്കൽ ആലോചിച്ചിരുന്നു. അന്ന് സംഘർഷം 11 ദിവസത്തിൽ അവസാനിച്ചു. നിലവില്‍ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. തയ്യാറെടുത്തിരിക്കാനാണ് കേന്ദ്രസർക്കാർ മേഖലയിലെ എംബസികൾക്കും നല്‍കിയിരിക്കുന്ന നിർദ്ദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe