തിരുവനന്തപുരം: ആലിംഗനം ചെയ്യാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെ തട്ടിമാറ്റി നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എംഎൽഎമാരെ സ്വീകരിക്കാൻ നിൽക്കുകയായിരുന്നു ചെറിയാൻ ഫിലിപ്പ്. യോഗത്തിൽ പങ്കെടുക്കാൻ ബിന്ദു കൃഷ്ണ എത്തിയപ്പോൾ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു.
ബിന്ദു കൃഷ്ണ ഷേക്ക് ഹാൻഡ് നൽകാൻ ശ്രമിച്ചപ്പോൾ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചു. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാൻ ഫിലിപ്പിനെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പാലോട് രവി അടക്കമുള്ള മറ്റ് നേതാക്കൾക്ക് കൈ കൊടുത്താണ് ബിന്ദു കൃഷ്ണ കടന്നുപോയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറിയാൻ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
എഐസിസി നേതാക്കളായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ദിരാഭവനിൽ യോഗം പുരോഗമിക്കുന്നത്. വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ സുധാകരൻ, കെ മുരളീധരൻ, മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, പഴകുളം മധു, സുമേഷ് അച്യുതൻ, എ പി അനിൽ കുമാർ, സന്ദീപ് വാര്യർ, വിദ്യ ബാലകൃഷ്ണൻ, കെ എ തുളസി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കാൻ എത്തി. എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം എഐസിസി നിരീക്ഷകർ ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. ഹൈക്കമാൻഡ് യോഗം ചേർന്ന ശേഷമായിരിക്കും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം. പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
അതിനിടെ കെ സി വേണുഗോപാലിന്റെ വരവ് തടയാൻ വിഡി സതീശൻ-രമേശ് ചെന്നിത്തല പക്ഷങ്ങൾ കൈകോർത്തേക്കുമെന്ന വിവരം പുറത്തുവന്നു. കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം. മുഖ്യമന്ത്രി പദം സംബന്ധിച്ച് വി ഡി സതീശൻ വിട്ടുവീഴ്ച ചെയ്യുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ പ്രതീക്ഷ. 45 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ പക്ഷം. 25 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവകാശപ്പെടുന്നു. പരമാവധി എംഎൽഎമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് നേതാക്കളും.
