കോഴിക്കോട് നഗരത്തിൽ ഡ്യൂട്ടിക്കിടെ എസ്.ഐ.യെ ആക്രമിച്ച യുവാവ് കസ്റ്റഡിയിൽ

news image
Aug 18, 2026, 5:15 am GMT+0000 payyolionline.in

കോഴിക്കോട്: നഗരത്തിൽ ഡ്യൂട്ടിക്കിടെ പോലീസ് സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച സംഭവത്തിൽ പുതിയാപ്പ സ്വദേശിയെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്താണ് (31) പിടിയിലായത്. ആക്രമണത്തിൽ നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഷിബുവിന് പരിക്കേറ്റു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

​ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാൾ ബഹളം വെക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ സുജിത്ത് കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ റോഡിൽ നിന്ന് ബഹളം വെക്കുന്നത് കണ്ടെത്തുകയായിരുന്നു.

​പരിക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും എസ്.ഐ. ഷിബുവിനെ കാലുകൊണ്ട് ശക്തമായി ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ് റോഡിലേക്ക് വീണ എസ്.ഐ.ക്ക് കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു.
​ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് ഇയാളെ കീഴടക്കി ആംബുലൻസിൽ കയറ്റിയത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe