കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. കുട്ടിയെ തേടി കർണാടകയിലെ മൈസൂരുവിലേക്ക് പോയ പ്രത്യേക അന്വേഷണ സംഘം സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരിച്ചെത്തി. ശിവസൂര്യ മൈസൂരുവിൽ എത്തിയതായി ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനെ തുടർന്ന് അന്വേഷണം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. തലശ്ശേരി, മാഹി, വടകര തുടങ്ങിയ സമീപ റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലുമാണ് സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്.
കുട്ടിയെ കാണാതായ ഓഗസ്റ്റ് 8-ന് ശേഷമുള്ള നിർണായകമായ 48 മണിക്കൂറിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. നിലവിൽ ഓഗസ്റ്റ് 8-ലെ ദൃശ്യങ്ങൾ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. അതിനു ശേഷമുള്ള ദിവസങ്ങളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ കാണാതായ കുട്ടിയെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് അന്വേഷണ സംഘം.
