ആയുധക്കടത്ത് കേസ്: ടിപി ചന്ദ്രശേഖരന്റെ കൊലയാളി ടികെ രജീഷിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

news image
Jun 15, 2023, 1:05 pm GMT+0000 payyolionline.in

ബെംഗളൂരു: ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു കാറിൽ തോക്കും ബുള്ളറ്റുകളും കടത്താൻ ശ്രമിച്ച കേസിൽ നീരജ് ജോസഫ് എന്ന മലയാളി പിടിയിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയുധക്കടത്ത് കേസായതിനാൽ ഇതിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം കർണാടക പൊലീസ് പരിശോധിക്കുന്നുണ്ട്.

ജൂൺ 9-ന് വൈകിട്ടോടെയാണ് നീരജ് ജോസഫ് എന്ന മലയാളിയെ ബെംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മൂന്ന് തോക്കുകളും 99 ബുള്ളറ്റുകളുമായി കർണാടക പൊലീസ് പിടികൂടുന്നത്. ഒരു ബിഎംഡബ്ല്യു കാറിൽ കേരളത്തിലേക്ക് തോക്ക് കടത്താനോ, കേരളത്തിൽ നിന്നുള്ള ചിലർക്ക് ആയുധം വിൽക്കാനോ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് നിഗമനം. ആയുധക്കടത്ത് കേസായതിനാൽ ഗൗരവത്തോടെ തന്നെ ബെംഗളുരു പൊലീസ് കേസ് അന്വേഷിച്ചു.

നീരജ് ജോസഫിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മ്യാൻമറിൽ നിന്ന് നാഗാലാൻഡ് അതിർത്തി വഴി തോക്കുകളും ബുള്ളറ്റുകളും ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരം ലഭിച്ചത്. 70,000 രൂപയ്ക്കാണ് ആയുധങ്ങൾ വാങ്ങിയതെന്നാണ് നീരജ് വ്യക്തമാക്കിയത്. ടിപി ചന്ദ്രശേഖരന്റെ കൊലയാളി ടി കെ രജീഷ് പറഞ്ഞിട്ടാണ് ആയുധങ്ങൾ വാങ്ങിയതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. കോടതിയെ സമീപിച്ച് പ്രൊഡക്ഷൻ വാറണ്ടുമായി കണ്ണൂരിലെത്തിയ കബ്ബൺ പാർക്ക് പൊലീസ് ടി കെ രജീഷിനെ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ബെംഗളുരുവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

നീരജിന് വേറെ ആരെങ്കിലും സഹായം നൽകിയിരുന്നോ, ടി കെ രജീഷ് പറഞ്ഞ് ഇയാൾ നേരത്തെയും ആയുധക്കടത്ത് നടത്തിയോ എന്നെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ടിപി കേസിലെ കുറ്റവാളികൾ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് ഇതാദ്യമല്ല.  ജയിലിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തിയതിനും സ്വർണ്ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിനും പ്രധാന പ്രതി കൊടി സുനിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി കിർമ്മാണി മനോജ് വയനാട്ടിലെ ലഹരി പാർട്ടിയിൽ പോലീസ് പിടിയിലായിരുന്നു. ഷാഫിയെ കരിപ്പൂർ സ്വർണ്ണക്കടത്തിൽ ക്സസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മറ്റൊരു ശിക്ഷാ തടവുകാരൻ കൂടി കർണ്ണാടക പോലീസിന്‍റെ അന്വേഷണം നേരിടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe