കെ റെയില്‍ രജിസ്ട്രേഷനില്ല,റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകള്‍ പരസ്യം ചെയ്ത ഏഴ് പ്രമോട്ടര്‍മാര്‍ക്ക് നോട്ടീസ്

news image
Jun 15, 2023, 12:43 pm GMT+0000 payyolionline.in

തിരുവനന്തപുരം:കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെ) യില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ വില്‍പനയ്ക്കായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്സ്,  എലമെന്റ് കണ്‍സ്ട്രക്ഷന്‍, എറണാകുളം മുളന്തുരുത്തിയിലുള്ള സിമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്,  ഹമ്മിങ് വാലി, എറണാകുളം തൃക്കാക്കരയിലുള്ള റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്സ്  എന്നീ പ്രൊമോട്ടര്‍മാര്‍ക്കാണ് കെ-റെറ നോട്ടീസ് അയച്ചത്.

കൊച്ചി പ്രോപ്പര്‍ട്ടീസ്, ബാവാ റിയല്‍റ്റേഴ്സ്, എലമെന്റ് കണ്‍സ്ട്രക്ഷന്‍,  ഹമ്മിങ് വാലി  എന്നിവര്‍ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് വഴിയാണ് പ്രൊജക്റ്റിനെക്കുറിച്ച് പരസ്യം ചെയ്തിരിക്കുന്നത്. സിമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പ്രൊജക്റ്റിന്റെ പ്രവേശനകവാടത്തിലാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. റെഡ് പോര്‍ച്ച് നെസ്റ്റ് ഫെയ്സ്ബുക്ക് വഴിയും ബ്രോഷറുകള്‍ വിതരണം ചെയ്തുമാണ് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്സ് തങ്ങളുടെ വെബ്സൈറ്റ് വഴിയും ഓണ്‍ലൈന്‍- സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് പരസ്യം ചെയ്തിരിക്കുന്നത്.

റെയില്‍ നിയമം മൂന്നാം വകുപ്പ് പ്രകാരം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ വില്‍ക്കാനായി പരസ്യം ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ ചെയ്താല്‍ റെയില്‍ നിയമം 59-ാം വകുപ്പ് പ്രകാരം പ്രൊജക്റ്റ് വിലയുടെ പത്തു ശതമാനം വരെ പിഴയീടാക്കുന്നതായിരിക്കും. അതോറിറ്റിയുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചട്ടലംഘനം തുടരുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവോ പ്രൊജക്റ്റ് വിലയുടെ വീണ്ടുമൊരു പത്തുശതമാനം വരെ പിഴയോ ശിക്ഷയായി ലഭിക്കും. 59-ാം വകുപ്പ് ചുമത്തി ശിക്ഷാനടപടികള്‍ തുടങ്ങാതിരിക്കാനുള്ള മതിയായ കാരണം കെ-റെയില്‍ മുമ്പാകെ ബോധിപ്പിക്കാന്‍ പ്രൊമോട്ടര്‍മാര്‍ക്ക് ആവശ്യത്തിന് സമയം അനുവദിച്ചിട്ടുണ്ട്.

നിയമ പരിരക്ഷ ഉറപ്പാക്കാനായി കെ-റെയില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ നിന്ന് മാത്രമേ ഫ്ളാറ്റോ വില്ലയോ പ്ലോട്ടോ വാങ്ങാവൂ എന്ന് അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രൊജക്റ്റുകളുടെ വിവരങ്ങള്‍ www.rera.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe