ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ ര‍ഞ്ജി ക്രിക്കറ്റ് താരം ആന്ധ്രയിൽ അറസ്റ്റിൽ

news image
Mar 15, 2023, 9:53 am GMT+0000 payyolionline.in

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജ​ഗന്മോഹൻ റെഡ്ഡിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മുൻ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റിലായി. നാ​ഗരാജു ബുദുമുരു (28) ആണ് അറസ്റ്റിലായത്. 2014 മുതൽ 2016 വരെ ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീമം​ഗമായിരുന്നു നാ​ഗരാജു. ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിലും അം​ഗമായിരുന്നു ഇയാൾ.

ജ​ഗന്മോഹൻ റെഡ്ഡിയുടെ പിഎ ആണെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ  ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 12 ലക്ഷം രൂപയാണ് നാ​ഗരാജു തട്ടിയെടുത്തത്. 60 കമ്പനികളിൽ നിന്നായി ഇങ്ങനെ 3 കോടിയോളം രൂപ ഇയാൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിക്കി ഭുയി എന്ന ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യണമെന്നാണ് നാ​ഗരാജു ഇലക്ട്രോണിക്സ് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടത്. കമ്പനിയെ വിശ്വസിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകളും ഇയാൾ കമ്പനിക്ക് ഇമെയിൽ ചെയ്തു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും നാ​ഗരാജു പറഞ്ഞു. പണം നൽകി ശേഷം അക്കാദമിയിലേക്ക് വിവരം തിരക്കിയിട്ടും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇയാൾക്കെതിരെ കമ്പനി പരാതി നൽകിയത്. പണം കൈമാറ്റം ചെയ്ത അക്കൗണ്ട് വഴിയുള്ള അന്വേഷണമാണ് പൊലീസിനെ നാ​ഗരാജുവിലേക്കെത്തിച്ചത്. സ്വന്തം നാടായ ശ്രീകാകുളത്തെ യാവരിപ്പേട്ടയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.  7.6 ലക്ഷം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. കരിയറിൽ തകർച്ച നേരിട്ടതോടെ, ആഡംബര ജീവിതം തുടരാൻ നാ​ഗരാജു തട്ടിപ്പുകളിലേക്ക് ശ്രദ്ധതിരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 2018ലാണ് നാ​ഗരാജുവിന് ക്രിക്കറ്റ് കളിയിൽ തകർച്ച തുടങ്ങുന്നത്. പിന്നീട് ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്താൻ തുടങ്ങി. ആംഡബര ജീവിതം നയിക്കുക എന്നതാണ് കുറ്റകൃത്യങ്ങൾക്ക് പിന്നിലെ ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe