അദാനി വിവാദം: ഇഡി ഓഫിസിലേക്ക് പ്രതിപക്ഷ മാർച്ച്, തടഞ്ഞ് ‍ഡൽഹി പൊലീസ്

news image
Mar 15, 2023, 9:41 am GMT+0000 payyolionline.in

ന്യൂഡൽഹി∙ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഓഫിസിലേക്ക് 18 പ്രതിപക്ഷ പാർട്ടി നേതാക്കൾ നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. പിന്നാലെ നേതാക്കൾ മാർച്ച് അവസാനിപ്പിച്ചു.

 

നേതാക്കള്‍ ഇഡി ഓഫിസിലേക്ക് പോകുന്നത് തടയാൻ ഡൽഹി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെയാണ് പ്രതിപക്ഷ നേതാക്കൾ മാർച്ച് അവസാനിപ്പിച്ച് പാർലമെന്റിലേക്ക് മടങ്ങിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) മാർച്ചിൽ പങ്കെടുത്തില്ല.

ഇഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംയുക്ത പരാതി കത്ത് ഉടൻ പുറത്തുവിടുമെന്നും നേതാക്കൾ വ്യക്തമാക്കി. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്നായിരുന്നു യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട്.

‘‘അവർ ഞങ്ങളെ ഇവിടെ തടഞ്ഞു. ഞങ്ങൾ 200 പേരുണ്ട്. അവിടെ 2000 പൊലീസുകാരുണ്ട്. ഞങ്ങളുടെ ശബ്ദം അടിച്ചമർത്താൻ അവർ ആഗ്രഹിക്കുന്നു. എന്നിട്ട് അവർ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു’’– പൊലീസ് മാർച്ച് തടഞ്ഞതിനു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സംവാദത്തിലോ സെമിനാറിലോ ആരെങ്കിലും ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശനത്തിനിടെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശത്തിലും അദാനി വിവാദത്തിലും പാർലമെന്റിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം തുടർന്നു. ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലിനെത്തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിർത്തിവച്ചു. രാഹുൽ വിദേശത്ത് ഇന്ത്യയെ അപമാനിച്ചുവെന്നും മാപ്പു പറയണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഭരണപക്ഷം വ്യക്തമാക്കി. എന്നാൽ, രാഹുൽ മാപ്പു പറയില്ലെന്ന് കോൺഗ്രസ് ആവർത്തിച്ചു. അദാനി വിവാദം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസുമായുള്ള ഭിന്നതയെത്തുടർന്ന് പ്രതിപക്ഷ നേതൃയോഗത്തിൽ നിന്നും തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe